World
റോഹിങ്ക്യൻ അഭയാർത്ഥികളുടെ ബോട്ട് മുങ്ങി; മൂന്നുപേർ മരിച്ചു, 20 പേരെ കാണാതായി
World

റോഹിങ്ക്യൻ അഭയാർത്ഥികളുടെ ബോട്ട് മുങ്ങി; മൂന്നുപേർ മരിച്ചു, 20 പേരെ കാണാതായി

Web Desk
|
5 Oct 2022 3:26 AM GMT

സംഭവം മനുഷ്യക്കടത്താണെന്ന് സംശയിക്കുന്നതായും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ്

ബംഗ്ലാദേശ് തീരത്ത് റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി മൂന്നുപേർ മരിച്ചു, 20 പേരെ കാണാതായി. മോശം കാലാവസ്ഥയെ തുടർന്നാണ് ബോട്ട് മുങ്ങിയത്. ചൊവ്വാഴ്ച മലേഷ്യയിലേക്ക് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് ബംഗാൾ ഉൾക്കടലിൽ അപകടത്തിൽപ്പെടുകയായിരുന്നു. രണ്ടു കോസ്റ്റ് ഗാർഡ് ബോട്ടുകൾ വഴി രക്ഷാപ്രവർത്തനം നടത്തുകയാണ്.

ഹാൽബുനിയയിലെ തീരനഗരമായ ഷിൽഖലി ബീച്ചിൽ മൂന്നു റോഹിങ്ക്യൻ വനിതകളുടെ മൃതദേഹം അടിഞ്ഞതായി പൊലീസ് ഇൻസ്‌പെക്ടർ നൂർ മുഹമ്മദ് പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്തു. 'മത്സ്യബന്ധനത്തിന് പോകുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് ഞങ്ങൾ അവിടേക്ക് പോയിരുന്നു. തുടർന്ന് 18നും 20 നും ഇടയിൽ പ്രായമുള്ള യുവതികളുടെ മൃതദേഹം കണ്ടെത്തി' പൊലീസ് ഇൻസ്‌പെക്ടർ പറഞ്ഞു. കോക്‌സ് ബസാറിലെ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും അറിയിച്ചു. സംഭവം മനുഷ്യക്കടത്താണെന്ന് സംശയിക്കുന്നതായും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോക്സ് ബസാർ ജില്ലയുടെ തീരത്ത്, ഏകദേശം ഒരു ദശലക്ഷം റോഹിങ്ക്യൻ അഭയാർത്ഥികൾ താമസിക്കുന്ന വിശാലമായ ക്യാമ്പുകളുടെ സമീപമാണ് ബോട്ട് മുങ്ങിയത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട റോഹിങ്ക്യൻ വനിത പേയാര ഖാത്തൂൻ സംഭവം ഓർത്തെടുത്തു. 'കടൽ വളരെ പ്രക്ഷുബ്ധമായിരുന്നു, വലിയ തിരമാലകളുണ്ടായിരുന്നു. പെട്ടെന്ന് ബോട്ട് മുങ്ങി. ഞങ്ങൾ ഒരു മണിക്കൂർ നീന്തി ബീച്ചിലെത്തുകയായിരുന്നു' അവൾ പറഞ്ഞു.

നിരവധി നഗരങ്ങളിൽ നിന്ന് ആളെ കയറ്റിയ ബോട്ടിൽ 65 പേരുണ്ടായിരുന്നുവെന്ന് കരുതുന്നതായി കോസ്റ്റ് ഗാർഡ് സ്‌റ്റേഷൻ കമാൻഡർ ആഷിഖ് അഹമ്മദ് പറഞ്ഞു. 41 റോഹിങ്ക്യൻ അഭയാർത്ഥികളും നാലു ബംഗ്ലാദേശികളും അടക്കം 45 പേരെ തങ്ങൾ രക്ഷപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. 20 ഓളം പേരെ കാണാതായതായും രക്ഷപ്രവർത്തനം തുടരുന്നതായും പറഞ്ഞു.

ദുരിതപൂർണമായ സാഹചര്യങ്ങൾ മൂലം ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന് ഓരോ വർഷവും നൂറുകണക്കിന് റോഹിങ്ക്യകളെ രാജ്യത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിക്കാറുണ്ട്. കള്ളക്കടത്തുകാർക്ക് പണം നൽകിയാണ് പുറത്തുകടക്കാൻ ശ്രമിക്കാറുള്ളത്. മ്യാൻമറിൽ അഞ്ചു വർഷം മുമ്പുണ്ടായ സൈനിക അതിക്രമത്തെ തുടർന്നാണ് റോഹിങ്ക്യൻസ് ബംഗ്ലാദേശിലേക്ക് അഭയാർത്ഥികളായെത്തിയത്. റോഹിങ്ക്യൻസിനെതിരെ നടന്ന വംശഹത്യ യു.എൻ കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്.

Three dead, 20 missing after boat carrying Rohingya refugees capsizes off Bangladesh coast

Similar Posts