മധ്യ ഇസ്രായേലിൽ ആക്രമണം; മൂന്നു പേര്‍ കൊല്ലപ്പെട്ടു
|കിഴക്കൻ ജറൂസലമിൽ ഇസ്രായേൽ തുടരുന്ന നടപടികൾക്കുള്ള തിരിച്ചടിയാണിതെന്ന് ഫലസ്തീൻ പോരാട്ട സംഘടനകളായ ഹമാസും ഇസ്ലാമിക് ജിഹാദും വ്യക്തമാക്കി
ഇസ്രായേല്‍: മധ്യ ഇസ്രായേലിൽ നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണം നടത്തിയ രണ്ടു ഫലസ്തീൻകാരെ കണ്ടെത്താൻ വ്യാപക തെരച്ചിൽ തുടരുകയാണ്. കിഴക്കൻ ജറൂസലമിൽ ഇസ്രായേൽ തുടരുന്ന നടപടികൾക്കുള്ള തിരിച്ചടിയാണിതെന്ന് ഫലസ്തീൻ പോരാട്ട സംഘടനകളായ ഹമാസും ഇസ്ലാമിക് ജിഹാദും വ്യക്തമാക്കി.
ഇസ്രായേലിന്‍റെ 74ാം സ്ഥാപകദിനാചരണവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികൾ രാത്രി സമാപിച്ച ഉടനെയാണ് ആക്രമണം. കിഴക്കൻ തെൽ അവീവിനു സമീപം ഇലാദ് പട്ടണത്തിൽ രണ്ട് ഫലസ്തീനികളാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ തെൽ ഹാഷ്മോറിലെ ഷേബ മെഡിക്കൽ സെന്‍ററിലേക്ക് മാറ്റി. വൻ സുരക്ഷാ സംവിധാനങ്ങൾക്കിടെ ഫലസ്തീൻ പോരാളികൾ നടത്തിയ ആക്രമണം ഇസ്രായേലിനെ ശരിക്കും ഞെട്ടിച്ചു. കിഴക്കൻ ജറൂസലമിലെ ഇടപെടലുകൾ അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉറപ്പാണെന്ന് ഫലസ്തീൻ പോരാളി സംഘടനകൾ ഇന്നലെയും മുന്നറിയിപ്പ് നൽകിയിരുന്നു. മസ്ജിദുൽ അഖ്സയിൽ ഇസ്രായേൽ സൈന്യം നടത്തിയ അതിക്രമത്തിൽ ഇന്നലെ 12 പേർക്ക് പരിക്കേറ്റിരുന്നു.
അതേസമയം തീവ്രവാദത്തെ ഒരു നിലക്കും പൊറുപ്പിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. രാജ്യം നിലവിൽ വന്നതിന്‍റെ ആഘോഷം പോലും ദു:ഖമയമാക്കി മാറ്റിയവരോട് വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രി യയിർ ലാപിഡ് പറഞ്ഞു. ആക്രമണത്തെ തുടർന്ന് ഇസ്രായേലിൽ ഉടനീളം സുരക്ഷ വർധിപ്പിച്ചു. കൂടുതൽ സേനയെ വെസ്റ്റ് ബാങ്കിലേക്കും നിയോഗിച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്കിൽ നിന്ന് നുഴഞ്ഞുകയറിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഇസ്രായേലിൽ നടന്ന ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി.