ഫലസ്തീനികളായി വേഷമിട്ട് ഇസ്രായേൽ ആക്രമണം; ആശുപത്രിയിൽ മൂന്നുപേർ കൊല്ലപ്പെട്ടു
|ചൊവ്വാഴ്ച രാവിലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരിക്കുകയാണ്
ഫലസ്തീനികളായി വേഷമിട്ട് ഇസ്രായേൽ സൈന്യം അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനിലുള്ള ആശുപത്രിയിൽ നടത്തിയ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. സാധാരണക്കാരും ആരോഗ്യ പ്രവർത്തകരുമായും വേഷമിട്ടെത്തിയ ഇസ്രായേൽസൈന്യം ഇബ്നു സീന ആശുപത്രിയിലാണ് അതിക്രമം നടത്തിയത്. ആശുപത്രിയിൽ ഉറങ്ങിക്കിടന്നവരെയാണ് രഹസ്യ ഓപ്പറേഷനിൽ വധിച്ചതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയവും ഇസ്രായേലി സൈന്യവും വ്യക്തമാക്കി.
'ഇന്ന് രാവിലെ ജെനിനിലെ ഇബ്നു സീന ആശുപത്രിയിൽ ഇസ്രായേൽ അധിനിവേശ സൈന്യം നടത്തിയ വെടിവെപ്പിൽ മൂന്നു യുവാക്കൾ രക്തസാക്ഷികളായി' റാമല്ലയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ കൊല്ലപ്പെട്ടവർ ഹമാസിന്റെ ഭാഗമായിരുന്നുവെന്ന് ഇസ്രായേൽ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരിക്കുകയാണ്. റൈഫിളുകളുമായി ആശുപത്രിയിലെത്തിയ ഒരു ഡസനോളം ഇസ്രായേലി സൈനികരാണ് വീഡിയോയിലുള്ളത്. മൂന്നുപേർ സ്ത്രീകളുടെ വസ്ത്രം ധരിച്ചവരും രണ്ടുപേർ ആരോഗ്യ പ്രവർത്തകരായി വേഷമിട്ടവരുമായിരുന്നു. ഒരാളുടെ കയ്യിൽ വീൽചെയറുമുണ്ടായിരുന്നു.
ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മുഹമ്മദ് ജലാംനെഹ്, രണ്ട് സഹോദരന്മാരായ ബാസിൽ, മുഹമ്മദ് അൽ ഗസാവി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ജലാംനെഹ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി സൈന്യം ആരോപിച്ചു. ബാസിലും ഗസാവിയും ആക്രമണത്തിൽ പങ്കാളികളായിരുന്നുവെന്നും ആരോപിച്ചു.
ജലാംനെഹ് തങ്ങളുടെ (ജെനിൻ ബ്രിഗേഡ്) അംഗമാണെന്ന് ഹമാസ് സ്ഥിരീകരിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. മറ്റു രണ്ടുപേർ ഇസ്ലാമിക് ജിഹാദ് അംഗങ്ങളാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
ഇസ്രായേലി അതിക്രമത്തിനെതിരെ ഹമാസ് രൂക്ഷമായി പ്രതികരിച്ചു. 'ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾക്ക് ഉത്തരം ലഭിക്കാതെ പോകില്ലെ'ന്ന് ഹമാസ് പറഞ്ഞു. 'ഗാസ മുതൽ ജെനിൻ വരെയുള്ള നമ്മുടെ ജനങ്ങൾക്കെതിരെ അധിനിവേശകർ നടത്തുന്ന കുറ്റകൃത്യങ്ങളുടെ തുടർച്ചയാണ് കൊലപാതകങ്ങളെ'ന്നും വിമർശിച്ചു.
ഏകദേശം 10 മിനിറ്റോളം എടുത്ത റെയ്ഡ് പുലർച്ചെ 5.30നാണ് നടന്നതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റെയ്ഡ് സമയത്ത് ഇസ്രായേൽ കമാൻഡോകളിൽ ഒരാൾ അറബി സംസാരിച്ചിരുന്നുവെന്ന് ഇസ്രായേൽ ഹയോം റിപ്പോർട്ട് ചെയ്തു. ആക്രമണം നടത്തിയ സൈനികർ ആശുപത്രിയുടെ ചില ഭാഗങ്ങൾ നശിപ്പിച്ചു, കിടക്കകൾ മറിച്ചിടുകയും തറയിലും ഉപകരണങ്ങളിലും രക്തക്കറകളുണ്ടാക്കുകയും ചെയ്തു.
ഇസ്രായേൽ കമാൻഡോകളിൽ ചിലർ നഴ്സുമാരുടെ വേഷം ധരിച്ചിരുന്നുവെന്നും ആശുപത്രിയിൽ പ്രവേശിച്ചയുടൻ ആയുധങ്ങൾ പുറത്തെടുത്തതായും ആശുപത്രിയുടെ മെഡിക്കൽ ഡയറക്ടർ തൗഫീഖ് അൽ ഷൗബക്കി മിഡിൽ ഈസ്റ്റ് ഐയോട് പറഞ്ഞു.
ഒക്ടോബർ 25ന് ജെനിൻ ഖബർസ്ഥാനിൽ മിസൈൽ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബേസിൽ അൽ-ഗസാവിയുടെ മുറിയിൽ ഇസ്രായേൽ സൈന്യം പ്രവേശിച്ചതായും അദ്ദേഹം പറഞ്ഞു.
'പരിക്കേറ്റയാളുടെ മുറിയിലേക്ക് അവർ ഇരച്ചുകയറുന്നതിനിടെ വെടിയൊച്ചകളൊന്നും കേട്ടില്ല. കുറച്ച് മിനിറ്റുകൾക്ക് ശേഷം അവർ പിൻവാങ്ങി, തുടർന്ന് ആശുപത്രി ജീവനക്കാർ മൂന്ന് യുവാക്കളെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി, തലയിൽ വെടിയുണ്ടകളും കണ്ടെത്തി' അദ്ദേഹം പറഞ്ഞു.
ആദ്യമായല്ല ഇബ്നു സീന ആശുപത്രിയെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തുന്നത്. നവംബറിൽ സൈന്യം ആശുപത്രി വളയുകയും ഉപരോധിക്കുകയും ചെയ്തിരുന്നു.