ഡോക്ടർ മരിച്ചെന്ന് സ്ഥിരീകരിച്ച മൂന്ന് വയസുകാരി ശവസംസ്കാര ചടങ്ങിനിടെ കണ്ണു തുറന്നു; പിന്നീട് സംഭവിച്ചത്
|ശവപ്പെട്ടിയുടെ ഗ്ലാസിൽ ഈർപ്പം നിറയുന്നത് ശ്രദ്ധയിൽ പെട്ട കുടുംബാംഗങ്ങൾ പെട്ടി തുടർന്ന് നോക്കിയപ്പോൾ കുഞ്ഞിന്റെ കണ്ണുകൾ ചലിക്കുന്നുണ്ടായിരുന്നു
മരിച്ചെന്ന് ഡോക്ടർ സ്ഥിരീകരിച്ച മൂന്നു വയസുകാരി ശവസംസ്കാരത്തിനിടെ എഴുന്നേൽക്കുകയും മണിക്കൂറുകൾക്ക് ശേഷം മരിക്കുകയും ചെയ്തു. മെക്സികോയിലാണ് സംഭവം. ശവസംസ്കാരത്തിനിടെ ശവപ്പെട്ടിയുടെ ഗ്ലാസിൽ ഈർപ്പം നിറയുന്നത് ശ്രദ്ധയിൽ പെട്ട കുടുംബാംഗങ്ങൾ പെട്ടി തുടർന്ന് നോക്കിയപ്പോൾ കുഞ്ഞിന്റെ കണ്ണുകൾ ചലിക്കുന്നുണ്ടായിരുന്നു. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം കുട്ടി മരണപ്പെടുകയായിരുന്നു.
പനിയും വയറുവേദനയും ചർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ രോഗം മൂർഛിച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി മറ്റൊരാശുപത്രിയിലേക്ക് കൊണ്ടു പോകാൻ ഡോക്ടർ നിർദേശിച്ചു. മറ്റൊരാശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനിലയിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. കുഞ്ഞിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് പത്തുമിനുട്ടിന് ശേഷം ഡോക്ടർമാർ മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
നിർജലീകരണമാണ് കുട്ടിയുടെ മരണകാരണമായി ഡോക്ടർമാർ പറഞ്ഞത്. എന്നാൽ കുട്ടിക്ക് ഓക്സിജൻ നൽകാന് ആശുപത്രി ജീവനക്കാർ ഏറെ സമയമെടുത്തിരുന്നു എന്നാണ് അമ്മയുടെ ആരോപണം.