സർക്കസ് പ്രകടനത്തിനിടെ കലാകാരന് നേരെ കടുവയുടെ ആക്രമണം; കഴുത്തിൽ കടിച്ച് വലിച്ചിഴച്ചു
|ആദ്യം ട്രെയ്നറുടെ കാലിൽ കടിക്കുന്ന കടുവ ഇദ്ദേഹം നിലത്തു വീഴുന്നതോടെ കഴുത്തിൽ കടിച്ച് വലിക്കുകയായിരുന്നു.
സർക്കസിൽ പ്രകടനത്തിനിടെ കലാകാരന് നേരെ കടുവയുടെ ആക്രമണം. ഇറ്റലിയിലെ ലിസെ പ്രവിശ്യയിൽ വ്യാഴാഴ്ചയാണ് സംഭവം. കടുവയുടെ കൂട്ടിനകത്ത് നിന്ന് പ്രകടനം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി പുറകിൽ നിന്നുള്ള ആക്രമണം ഉണ്ടായത്. കലാകാരനെ കടുവ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
31കാരനായ ഇവാന് ഓര്ഫെയാണ് ആക്രമണത്തിന് ഇരയായത്. ഒരു സ്റ്റാന്റിന് മുകളിൽ നിൽക്കുന്ന മറ്റൊരു കടുവയുമായി ആശയവിനിമയം നടത്തവെ പിന്നിലുണ്ടായിരുന്ന കടുവ അക്രമിക്കുന്നത് വീഡിയോയില്‍ കാണാം. ആദ്യം ട്രെയ്നറുടെ കാലിൽ കടിക്കുന്ന കടുവ ഇദ്ദേഹം നിലത്തു വീഴുന്നതോടെ കഴുത്തിൽ കടിച്ച് വലിക്കുകയായിരുന്നു.
കടുവയുടെ ആക്രമണത്തിനിരയായ ട്രെയ്നറും ഇത് കാണുന്ന കാണികളും നിലവിളിക്കുന്നതും ഇദ്ദേഹം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഓര്ഫെയുടെ കാലിലും കഴുത്തിലുമായിട്ടാണ് കടുവയുടെ കടിയേറ്റത്. ഒടുവിൽ പരിശീലകന്റെ സഹായി കടുവയെ ഒരു മേശ കൊണ്ട് അടിച്ചതോടെയാണ് ഇദ്ദേഹം മൃഗത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത്.
ഉടന്‍ തന്നെ ഇദ്ദേഹത്തെ സമീപത്തെ വിറ്റോ ഫാസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓർഫെയുടെ കഴുത്തിലും കാലിലും കൈകളിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ഓർഫെ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ടെന്നും ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ തന്നെയാണുള്ളതെന്നും അധികൃതര്‍ അറിയിച്ചു. പരിശോധനകള്‍ക്കായി കടുവയെ സർക്കസിൽ നിന്ന് മാറ്റിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
'ഇന്നലെ സർബോയിലെ സർക്കസ് കൂടാരത്തിനുള്ളിൽ കടുവയുടെ ആക്രമണത്തിന് ഇരയായ സഹപ്രവർത്തകൻ ഇവാൻ ഓർഫെയെ തങ്ങൾ ചേർത്തുനിർത്തുന്നു. മികച്ച വൈദഗ്ധ്യമുള്ള പ്രൊഫഷണൽ പരിശീലകനായ ഇവാനാണ് ഷോയ്ക്കിടെ കടുവയുടെ ആക്രമണത്തിന് ഇരയായത്. ഭാഗ്യവശാൽ അദ്ദേഹത്തിന്റെ പരിക്കുകൾ സാരമുള്ളതല്ല. അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയിൽ ആശങ്കപ്പെടേണ്ടതില്ല'- സര്‍ക്കസ് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.