ടിപ്പു സുല്‍ത്താന്‍റെ വാള്‍ ലേലത്തില്‍ വിറ്റുപോയത് 140 കോടി രൂപക്ക്
|തങ്ങള്‍ കണക്കാക്കിയതിനെക്കാള്‍ ഏഴിരട്ടി വില വാളിനു ലഭിച്ചെന്ന് ബോൺഹാംസ് അറിയിച്ചു
ലണ്ടന്‍: മുൻ മൈസൂരു ഭരണാധികാരി ടിപ്പു സുൽത്താന്‍റെ വാള്‍ ലേലത്തില്‍ വിറ്റുപോയത് വന്‍തുകയ്ക്ക്. ലണ്ടനിൽ നടന്ന ലേലത്തിൽ 14 ദശലക്ഷം പൗണ്ടിനാണ് (17 ദശലക്ഷം ഡോളർ, 140 കോടി രൂപ) വാള്‍ വിറ്റത്. ലണ്ടനിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള അന്താരാഷ്ട്ര ലേല സ്ഥാപനമായ ബോൺഹാംസാണ് ലേലം നടത്തിയത്. തങ്ങള്‍ കണക്കാക്കിയതിനെക്കാള്‍ ഏഴിരട്ടി വില വാളിനു ലഭിച്ചെന്ന് ബോൺഹാംസ് അറിയിച്ചു.
ടിപ്പുവിന്‍റെ ഏറ്റവും പ്രിയപ്പെട്ട ആയുധമായിരുന്നു ഈ വാളെന്ന് ലേല സ്ഥാപനം വ്യക്തമാക്കി. ടിപ്പുവിന്‍റെ കൊട്ടാരത്തിലെ സ്വകാര്യമുറിയില്‍ നിന്നാണ് വാൾ കണ്ടെത്തിയത്. വാളിന്റെ “വളരെ അപൂർവമായ കാലിഗ്രാഫിക് ഹിൽറ്റ് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലെ ഇന്ത്യൻ നിർമ്മാണത്തിന്റെ ഒരു മാസ്റ്റർപീസ് ആണെന്ന് ബോണ്‍ഹാംസ് വ്യക്തമാക്കി. “വാളിന് അസാധാരണമായ ഒരു ചരിത്രമുണ്ട്, അതിശയിപ്പിക്കുന്ന തെളിവും സമാനതകളില്ലാത്ത കരകൗശലവും ഉണ്ട്,” ബോൺഹാംസിലെ ഇസ്ലാമിക് ആൻഡ് ഇന്ത്യൻ ആർട്ട് ഗ്രൂപ്പ് മേധാവി നിമ സാഗർച്ചിയെ ഉദ്ധരിച്ച് സിഎൻഎൻ പ്രസ്താവനയിൽ പറഞ്ഞു. ടിപ്പു കൊല്ലപ്പെട്ടതിനു ശേഷം ബ്രിട്ടീഷ് മേജര്‍ ജനറലായിരുന്ന ഡേവിഡ് ബെയര്‍ഡാണ് വാള്‍ കൈവശം വച്ചിരുന്നത്. സ്വര്‍ണപ്പിടിയുള്ള ഈ വാളിന്‍റെ നീളം 100 സെന്‍റിമീറ്ററാണ് . വാള്‍ വാങ്ങിയ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ലേലസ്ഥാപനം പുറത്തുവിട്ടിട്ടില്ല.
പതിനെട്ടാം നൂറ്റാണ്ടില്‍ മൈസൂരു ഭരിച്ചിരുന്ന ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താന്‍. ടിപ്പു സാഹബ്, ടിപ്പു സുൽത്താൻ, മൈസൂർ കടുവ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു പ്രധാന ശത്രുവായിരുന്നു ടിപ്പു സുൽത്താൻ. ബ്രിട്ടീഷുകാരോടെതിരിടാൻ അയൽരാജ്യങ്ങളുമായി ടിപ്പു സഖ്യത്തിനു ശ്രമിച്ചു.