ദുരന്തത്തിന്റെ ബാക്കിപത്രം; ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കരയിലെത്തിച്ചു
|അന്തര്‍വാഹിനിയിലുണ്ടായിരുന്ന അഞ്ചു പേരും കൊല്ലപ്പെട്ടിരുന്നു
വാഷിംഗ്ടണ്‍: നോര്‍ത്ത് അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളില്‍ ദുരന്തമായി പര്യവസാനിച്ച അന്തര്‍വാഹിനി ടൈറ്റന്റെ അവശിഷ്ടങ്ങള്‍ തീരത്ത് എത്തിച്ചു. പൊട്ടിത്തെറിക്ക് ശേഷം ആദ്യമായിട്ടാണ് ടൈറ്റന്റെ ബാക്കിപത്രം ലോകം കാണുന്നത്. അന്തര്‍വാഹിനിയിലുണ്ടായിരുന്ന അഞ്ചു പേരും കൊല്ലപ്പെട്ടിരുന്നു.
അപകടസ്ഥലം മാപ്പ് ചെയ്തിട്ടുണ്ടെന്ന് കോസ്റ്റ് ഗാർഡ് ചീഫ് ഇൻവെസ്റ്റിഗേറ്റർ ക്യാപ്റ്റൻ ജേസൺ ന്യൂബവർ പറഞ്ഞു.അന്തിമ റിപ്പോർട്ട് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ലോകമെമ്പാടുമുള്ള മാരിടൈം ഡൊമെയ്നിന്റെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ശിപാർശകൾ നൽകിക്കൊണ്ട് സമാനമായ ഒരു സംഭവം തടയുക എന്നതാണ് പ്രാഥമിക ലക്ഷ്യം."ജേസൺ വ്യക്തമാക്കി. ന്യൂഫൗണ്ട്ലാൻഡിലെ സെന്റ് ജോൺസിലെ കനേഡിയൻ കോസ്റ്റ് ഗാർഡ് പിയറിൽ യുഎസ് കോസ്റ്റ് ഗാർഡ് കപ്പലായ സികാമോർ, ഹൊറൈസൺ ആർട്ടിക് എന്നിവയിൽ നിന്ന് ടൈറ്റന്റെ അവശിഷ്ടങ്ങള്‍ ഇറക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ടൈറ്റാനിക്കില്‍ നിന്ന് 1,600 അടി അകലെ കോസ്റ്റ് ഗാർഡ് കഴിഞ്ഞയാഴ്ച ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.കണ്ടെത്തിയ അവശിഷ്ടങ്ങൾ മുങ്ങിക്കപ്പലിൽ വിനാശകരമായ മർദ്ദനഷ്ടം സംഭവിച്ചതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുവെന്ന് യുഎസ്സിജി മുമ്പ് സ്ഥിരീകരിച്ചു.
ജൂണ്‍ 16നാണ് അഞ്ച് പേരുമായി പോയ അന്തർവാഹിനി കാണാതായത്. 110 വർഷങ്ങൾക്ക് മുമ്പ് അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി പോയപ്പോഴായിരുന്നു ടൈറ്റന്റെ തിരോധാനം. ഓഷ്യൻഗേറ്റ് കമ്പനിയുടെ ടൂറിസ്റ്റ് അന്തർവാഹിനിയാണ് ടൈറ്റൻ സബ്മെർസിബിൾ. മുങ്ങി ഒരു മണിക്കൂറും 45 മിനിറ്റും കഴിഞ്ഞപ്പോൾ സപ്പോർട്ട് കപ്പലായ കനേഡിയൻ റിസർച്ച് ഐസ് ബ്രേക്കർ പോളാർ പ്രിൻസുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. കാനഡയിലെ ന്യൂഫൗണ്ട് ലാൻഡിൽ നിന്ന് 700 കിലോമീറ്റർ അകലെ വെച്ചാണ് മുങ്ങിക്കപ്പൽ അപ്രത്യക്ഷമായത്.ബ്രിട്ടിഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിങ്, ഫ്രഞ്ച് സ്കൂബാ ഡൈവർ പോൾ ഹെന്റി. പാക് വ്യവസായി ഷഹസാദ് ഷാ ദാവൂദ്, മകൻ സുലേമാൻ, പേടകത്തിന്റെ ഉടമസ്ഥരായ സ്റ്റോക് ടൺ റഷ് എന്നിവരായിരുന്നു എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍.