ഹൈവേയിൽ നാക്ക് മുറിച്ചുമാറ്റപ്പെട്ട് ആറ് പശുക്കൾ ദുരൂഹമായി ചത്ത നിലയിൽ; രണ്ടെണ്ണത്തിന്റെ ജനനേന്ദ്രിയവും അറുത്തുമാറ്റി
|മൃതദേഹങ്ങൾക്ക് ചുറ്റുമുള്ള പുല്ല് ഇളകിയിട്ടില്ലെന്നും ഒരു സ്ഥലത്തും കാൽപ്പാടുകളോ ടയർ പാടുകളോ ഇല്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
വാഷിങ്ടൺ: യു.എസിലെ ടെക്‌സാസിൽ ഗ്രാമീണ ഹൈവേയിൽ നാക്ക് മുറിച്ചുമാറ്റപ്പെട്ട് ആറ് പശുക്കളെ ദുരൂഹമായി ചത്ത നിലയിൽ കണ്ടെത്തി. എന്നാൽ പ്രദേശത്തൊരിടത്തും രക്തം ഒഴുകിയതിന്റെ ലക്ഷണമില്ലെന്നും സംഭവം അന്വേഷിച്ചുവരികയാണെന്നും ടെക്സാസിലെ മാഡിസൺ കൗണ്ടി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. പശുക്കളുടെ ദുരൂഹമരണത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് അധികൃതർക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ആറ് വയസുള്ള ലോങ്‌ഹോൺ ക്രോസ് പശുവിനെയാണ് ആദ്യം അവയവങ്ങൾ വികൃതമാക്കപ്പെട്ട് ചത്ത നിലയിൽ ക്ഷീരകർഷകർ കണ്ടെത്തിയതെന്ന് കൗണ്ടി ഷെരീഫിന്റെ ഓഫീസ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സംസ്ഥാനത്തുടനീളം സമാനമായ രീതിയിൽ പശുവിന്റെ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും വിഷയത്തിൽ വിവിധ ഏജൻസികളെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
'ഒരു വശത്ത് പശുവിന്റെ വായയ്‌ക്ക് ചുറ്റുമുള്ള തൊലി നീക്കം ചെയ്യാനായി ഒരു മുറിവുണ്ടാക്കിയിരുന്നു. തുടർന്ന് രക്തം വീഴാതെ നാവ് ശരീരത്തിൽ നിന്ന് പൂർണമായി നീക്കം ചെയ്തു. പ്രദേശത്ത് പിടിവലികളുടെ ലക്ഷണങ്ങളൊന്നുമില്ല എന്നതും പശുവിന് ചുറ്റുമുള്ള പുല്ല് ഇളകാതെയിരുന്നതും ശ്രദ്ധയിൽപ്പെട്ടു. കാൽപ്പാടുകളോ ടയർ പാടുകളോ പ്രദേശത്ത് കാണാനായിട്ടില്ല'- ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു.
പശുവിന്റെ അവശിഷ്ടങ്ങൾ കൊണ്ടുപോകാൻ വേട്ടക്കാരോ പക്ഷികളോ ഉണ്ടായിരുന്നില്ലെന്നും കർഷകർ പറഞ്ഞു. ആഴ്ചകളോളം ആരും സ്പർശിക്കാതെ മൃതദേഹം ചീഞ്ഞഴുകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ, സമാനമായ രീതിയിൽ മറ്റ് അഞ്ച് പശുക്കൾ ചത്തതായും അവയുടെ അവയവങ്ങൾ വികൃതമാക്കപ്പെട്ടതായും അധികൃതർ കണ്ടെത്തി.
മറ്റ് അഞ്ച് പശുക്കളേയും ഒരു വശത്ത് മുഖം താടിയെല്ലിനോട് ചേർന്ന് മുറിച്ച് നാവ് പൂർണമായും നീക്കം ചെയ്ത നിലയിലാണ് കണ്ടെത്തിയതെന്ന് കൗണ്ടി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. രണ്ട് പശുക്കളുടെ ബാഹ്യ ജനനേന്ദ്രിയവും നീക്കം ചെയ്തിരുന്നു. ആറ് പശുക്കളെയും വെവ്വേറെ സ്ഥലങ്ങളിൽ നിന്നാണ് കണ്ടെത്തിയത്.
മൃതദേഹങ്ങൾക്ക് ചുറ്റുമുള്ള പുല്ല് ഇളകിയിട്ടില്ലെന്നും ഒരു സ്ഥലത്തും കാൽപ്പാടുകളോ ടയർ പാടുകളോ ഇല്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ആറ് കേസുകളിലും മരണകാരണം കണ്ടെത്തിയിട്ടില്ല. സമാനമായ മറ്റ് സംഭവങ്ങളെക്കുറിച്ച് അറിയാമെങ്കിൽ തങ്ങളെ വിളിച്ച് അറിയിക്കണമെന്നും കൗണ്ടി ഷെരീഫ് ഓഫീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
അതേസമയം, കന്നുകാലികളെ അവയവങ്ങൾ വികൃതമാക്കപ്പെട്ട് ചത്ത നിലയിൽ കണ്ടെത്തുന്നത് ഇതാദ്യമല്ല. 2016ൽ വടക്കുകിഴക്കൻ ജോർജിയയിൽ ഇത്തരത്തിൽ പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.