World
ഇറ്റലിയിലെ കത്തീഡ്രലിനു മുന്നില്‍ ടൂറിസ്റ്റിന്‍റെ അര്‍ധനഗ്ന ഫോട്ടോ; പ്രതിഷേധം
World

ഇറ്റലിയിലെ കത്തീഡ്രലിനു മുന്നില്‍ ടൂറിസ്റ്റിന്‍റെ അര്‍ധനഗ്ന ഫോട്ടോ; പ്രതിഷേധം

Web Desk
|
21 Oct 2022 7:23 AM GMT

ഫോട്ടോഷൂട്ടിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്

റോം: അമാൽഫിയിലെ സെന്‍റ്.ആന്‍ഡ്രിയ കത്തീഡ്രലിന്‍റെ മുന്നില്‍ നിന്നുള്ള ടൂറിസ്റ്റിന്‍റെ അര്‍ധനഗ്ന ഫോട്ടോ ഇറ്റലിയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കി. പള്ളിയുടെ പ്രവേശന കവാടത്തിനു മുന്നിലുള്ള പടികളില്‍ നില്‍ക്കുന്ന യുവതിയുടെ ഫോട്ടോയാണ് വിമര്‍ശനത്തിന് കാരണമായത്. ഫോട്ടോഷൂട്ടിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

യേശുവിന്‍റെ ഛായാചിത്രത്തിനു മുന്നിലായിരുന്നു യുവതി ഫോട്ടോക്ക് പോസ് ചെയ്തത്. യുവതിയുടെ സുഹൃത്താണ് ഫോട്ടോ എടുത്തത്. സഹായിക്കാനായി മറ്റൊരു യുവതിയും കൂടെയുണ്ടായിരുന്നു.ബന്ധപ്പെട്ടവരുടെ അനുവാദം വാങ്ങാതെയാണ് ഫോട്ടോഷൂട്ട് നടത്തിയതെന്നും ആരോപണമുണ്ട്. പള്ളിയില്‍ വച്ചു നടന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് അമാല്‍ഫിവാസിയും ചരിത്രകാരിയും എഴുത്തുകാരിയുമായ ലോറ തായര്‍ സി.എന്‍.എന്നിനോട് പറഞ്ഞു. ''ഈ കത്തീഡ്രല്‍ ഒരു ആരാധനാലയം മാത്രമല്ല, പ്രദേശവാസികളുടെ ഹൃദയത്തോട് അടുത്തുനില്‍ക്കുന്ന ഒന്നുകൂടിയാണ്. പള്ളിയുടെ വെങ്കല വാതിലുകള്‍ അമാല്‍ഫിയയുടെ ചരിത്രമാണ് പറയുന്നത്. ഘോഷയാത്രകൾ, വിവാഹങ്ങൾ, ശവസംസ്‌കാരങ്ങൾ എന്നിവയ്‌ക്കായി ഈ വാതിലുകൾ തുറക്കുന്നു. ജീവിതത്തെ ഉണർത്തുന്ന നിമിഷങ്ങൾ'' ലോറ കൂട്ടിച്ചേര്‍ത്തു.

''കത്തീഡ്രലിനു മുന്നിൽ മോശമായി വസ്ത്രം അഴിക്കുന്നത് അസ്വീകാര്യവും ലജ്ജാകരവുമാണെന്ന്'' ചിലര്‍ അഭിപ്രായപ്പെട്ടു. ''അപകീർത്തികരമായ കാര്യം അവൾ ഒരു നഗ്ന ഫോട്ടോ ഷൂട്ട് ചെയ്യുന്നു എന്നതല്ല, മറിച്ച് അവൾ ഒരു പള്ളിയുടെ മുൻഭാഗം ലൊക്കേഷനായി തെരഞ്ഞെടുത്തു എന്നതാണ്'' എന്നായിരുന്നു മറ്റൊരു കമന്‍റ്.

ഒന്‍പതാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച കത്തീഡ്രല്‍ അപ്പസ്തോലനായ വിശുദ്ധ ആന്‍ഡ്രൂസിന്‍റെ പേരിലുള്ളതാണ്. പള്ളിയിൽ 1206 മുതൽ അദ്ദേഹത്തിന്‍റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരുന്നതായാണ് റിപ്പോർട്ട്. അമാൽഫിയുടെ പ്രതാപകാലത്താണ് ഈ കത്തീഡ്രല്‍ നിര്‍മിച്ചത്. ഇന്ന് ഇതിന്‍റെ ഇടുങ്ങിയ തെരുവുകള്‍ വിനോദസഞ്ചാരികളാല്‍ നിറഞ്ഞിരിക്കുകയാണ്.

Similar Posts