ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിർത്തിയത് ഉയർന്ന നികുതി കാരണം: പാകിസ്താൻ വിദേശകാര്യ മന്ത്രി
|പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവ് ഷർമിള ഫാറൂഖിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം
ന്യൂഡൽഹി: പുൽവാമ ആക്രമണത്തിന് ശേഷം പാകിസ്താനിൽ നിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യ ഉയർന്ന നികുതി ചുമത്തിയതിനാലാണ് 2019 മുതൽ ഇസ്‌ലാമാബാദും ന്യൂഡൽഹിയും തമ്മിലുള്ള വ്യാപാര ബന്ധം താത്കാലികമായി നിർത്തിവച്ചിരിക്കുന്നതെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ. പാകിസ്താനിൽ നിന്നുള്ള ഇറക്കുമതിക്ക് 200 ശതമാനം തീരുവ ചുമത്താൻ ഇന്ത്യ തീരുമാനിച്ചു. പുൽവാമ ആക്രമണത്തിന് ശേഷം നിയന്ത്രണരേഖയിലൂടെയുള്ള കശ്മീർ ബസ് സർവീസും വ്യാപാരവും നിർത്തിവച്ചെന്നും ശനിയാഴ്ച ദേശീയ അസംബ്ലിയിൽ ദാർ പറഞ്ഞു.
അയൽ രാജ്യങ്ങളുമായുള്ള പ്രത്യേകിച്ച് ഇന്ത്യയുമായുള്ള ബന്ധത്തിൽ പാകിസ്താൻ നേരിടുന്ന വ്യാപാര വെല്ലുവിളികളെക്കുറിച്ചുള്ള വിശദാംശങ്ങൾ തേടി പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവ് ഷർമിള ഫാറൂഖിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മാർച്ചിൽ ലണ്ടനിൽ നടന്ന ഒരു പത്രസമ്മേളനത്തിൽ ഇന്ത്യയുമായുള്ള വ്യാപാര പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള പാകിസ്താൻ ബിസിനസ്സ് സമൂഹത്തിന്റെ വ്യഗ്രത ദാർ എടുത്തുകാട്ടി. എന്നാൽ ഇത് പുനരാരംഭിക്കാൻ പാകിസ്താന് പദ്ധതിയില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പിന്നീട് വ്യക്തമാക്കിയിരുന്നു.