തന്‍റെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിക്കാന്‍ ആവശ്യപ്പെടണം; ഫ്ലോറിഡ ജഡ്ജിയോട് ട്രംപ്
|ജനുവരി ആറിനു നടന്ന ക്യാപിറ്റോള്‍ ഹില്‍ കലാപത്തെ തുടര്‍ന്ന് ഈ ജനുവരിയിലാണ് ട്വിറ്റര്‍ ട്രംപിന്‍റെ അക്കൗണ്ട് മരവിപ്പിച്ചത്
തന്‍റെ അക്കൗണ്ട് പുനസ്ഥാപിക്കാന്‍ ട്വിറ്ററിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ ഫ്ലോറിഡ ജഡ്ജിയോട് ആവശ്യപ്പെട്ട് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ജനുവരി ആറിനു നടന്ന ക്യാപിറ്റോള്‍ ഹില്‍ കലാപത്തെ തുടര്‍ന്ന് ഈ ജനുവരിയിലാണ് ട്വിറ്റര്‍ ട്രംപിന്‍റെ അക്കൗണ്ട് മരവിപ്പിച്ചത്.
മറ്റ് സോഷ്യൽ മീഡിയ കമ്പനികളും ഇത് പിന്തുടരുകയും നടപടിയെടുക്കുകയും ചെയ്തു. തനിക്കെതിരായ നടപടി നിയമവിരുദ്ധമാണെന്നും തന്‍റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ നിയമവിരുദ്ധമായി നിശബ്ദരാക്കുന്നുവെന്നും ആരോപിച്ച് ജൂലൈയിൽ ട്വിറ്റർ, ഫേസ്ബുക്ക്, ഗൂഗിൾ എന്നിവയ്‌ക്കെതിരെയും അവരുടെ ചീഫ് എക്സിക്യൂട്ടീവുകൾക്കെതിരെയും ട്രംപ് കേസ് കൊടുത്തിരുന്നു. തന്‍റെ അക്കൗണ്ട് താൽക്കാലികമായി നിർത്തിവയ്ക്കാൻ യുഎസ് കോൺഗ്രസ് അംഗങ്ങൾ ട്വിറ്ററിനെ നിർബന്ധിച്ചുവെന്ന് ആരോപിച്ച് ട്വിറ്ററിനെതിരെ ഫ്ലോറിഡയിൽ ട്രംപ് ഒരു മുൻകൂർ ഉത്തരവിനുള്ള അപേക്ഷയും ഫയൽ ചെയ്തിരുന്നു.
"ട്വിറ്റർ ഈ രാജ്യത്തെ രാഷ്ട്രീയ വ്യവഹാരങ്ങളിൽ അളവറ്റതും ചരിത്രത്തില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്തതുമായ, തുറന്ന ജനാധിപത്യ സംവാദത്തിന് അത്യന്തം അപകടകരവുമായ അധികാരവും നിയന്ത്രണവും പ്രയോഗിക്കുന്നു," ട്രംപിന്‍റെ അഭിഭാഷകർ ഫയലിംഗിൽ പറഞ്ഞു.
ഫയലിംഗിൽ ട്വിറ്റര്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.