World
donald trump and kamala harris
World

‘ന്യൂനതയുള്ള മറ്റൊരു യു.എസ് പ്രസിഡന്റിനെ ആവശ്യമില്ല’; കമലാ ഹാരിസിനെതിരെ വ്യക്തിപരമായ ആക്രമണം തുടർന്ന് ട്രംപ്

Web Desk
|
31 Aug 2024 1:14 PM GMT

കമലാ ഹാരിസിനെ ട്രംപ് നിരന്തരം വ്യക്തിപരമായി അധിക്ഷേപിക്കുന്നുണ്ട്

വാഷിങ്ടൺ: അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് ഡൊമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിനെ വ്യക്തിപരമായി ആക്രമിക്കുന്നത് തുടരുന്നു. ന്യൂനതയുള്ളയാൾ എന്നാണ് കമലാ ഹാരിസിനെ ട്രംപ് ഒടുവിൽ വിശേഷിപ്പിച്ചത്.

പാർട്ടിയുടെ സ്ഥാനാർഥിയായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞദിവസം കമലാ ഹാരിസ് സി.എൻ.എൻ ചാനലിന് അഭിമുഖം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻ പ്രസിഡന്റ് കൂടിയായ ട്രംപിന്റെ വ്യക്തിപരമായ ആക്രമണം വരുന്നത്.

‘അവൾ അഭിമുഖങ്ങൾ നടത്തിയിരുന്നെങ്കിൽ അവൾക്ക് കൂടുതൽ നന്നാകുമായിരുന്നുവെന്ന് ഞാൻ കരുതുന്നു. അവ മികച്ചതല്ലെങ്കിലും മികച്ചതാകും. കാരണം ഇപ്പോൾ എല്ലാവരും കാണുന്നു, ഞങ്ങളും കാണുന്നു അവർ ന്യൂനതയുള്ളവളാണെന്ന്’ -മോംസ് ഫോർ ലിബർട്ടിയുടെ വാർഷിക സമ്മേളനത്തിൽ ട്രംപ് പറഞ്ഞു. അവൾ ന്യൂനതയുള്ള വ്യക്തിയാണ്. അമേരിക്കയുടെ പ്രസിഡന്റായി വീണ്ടുമൊരു ന്യൂനതയുള്ള വ്യക്തിയെ ആവശ്യമില്ല’ -ട്രംപ് കൂട്ടിച്ചേർത്തു.

പ്രായത്തിന്റെ അവശതകൾ കാരണം പ്രസിഡന്റ് ജോ ബൈഡൻ പിൻമാറിയതിനെ തുടർന്നാണ് 59കാരിയായ കമലാ ഹാരിസ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയാകുന്നത്. ഇന്ത്യൻ-ആഫ്രിക്കൻ വേരുകളുള്ള കമലയെ 78കാരനായ ട്രംപ് നിരന്തരം വ്യക്തിപരമായി അധിക്ഷേപിക്കുന്നുണ്ട്.

കമലയോട് തനിക്ക് വലിയ ബഹുമാനമില്ലെന്നും അവരെ വ്യക്തിപരമായി ആക്രമിക്കാൻ തനിക്ക് അർഹതയുണ്ടെന്നും ട്രംപ് ഈ മാസം ആദ്യം പറഞ്ഞിരുന്നു. കമലയുടെ വംശീയ വ്യക്തിത്വത്തെയും ട്രംപ് ചോദ്യം ചെയ്തിരുന്നു. എന്നാൽ, ഇതിനെതിരെ കമലാ ഹാരിസ് സി.എൻ.എൻ അഭുമഖത്തിൽ പ്രതികരിക്കുകയുണ്ടായി. ‘അതേ പഴയ ക്ഷീണിച്ച പ്ലേബുക്ക്, അടുത്ത ചോദ്യം’ -എന്നായിരുന്നു ഹാരിസിന്റെ മറുപടി.

പെൻസിൽവാനിയയിൽ വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയിലും കമലയുടെ അഭിമുഖത്തെ ട്രംപ് പരാമർശിച്ചു. ‘നിങ്ങൾ ഇന്നലെ രാത്രി ടി.വിയിൽ അവരെ കണ്ടോ? ഇതാണോ നമ്മുടെ രാജ്യത്തിന്റെ പ്രസിഡൻറാകുന്നത്? ഞാൻ അങ്ങനെ ചിന്തിക്കുന്നില്ല’ -ട്രംപ് പറഞ്ഞു. നവംബർ അഞ്ചിനാണ് അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

Similar Posts