ഏറ്റവും പരിഹാസ്യമായ കഥ; തനിക്കെതിരെയുള്ള ലൈംഗികാരോപണത്തില്‍ ഡൊണാള്‍ഡ് ട്രംപ്
|ഏപ്രിലിലാണ് ജീന്‍ മുന്‍ പ്രസിഡന്‍റിനെതിരെ മാന്‍ഹാട്ടന്‍ കോടതിയില്‍ മൊഴി നല്‍കിയത്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ എഴുത്തുകാരി ഇ.ജീന്‍ കാരോളിന്‍റെ ലൈംഗികാരോപണങ്ങള്‍ നിഷേധിച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്‍റെ ഡൊണാള്‍ഡ് ട്രംപ്. ബുധനാഴ്ച ഒരു ഡെപ്പോസിഷൻ വീഡിയോയിലാണ് ട്രംപ് ആരോപണങ്ങള്‍ നിഷേധിച്ചത്. ഏപ്രിലിലാണ് ജീന്‍ മുന്‍ പ്രസിഡന്‍റിനെതിരെ മാന്‍ഹാട്ടന്‍ കോടതിയില്‍ മൊഴി നല്‍കിയത്.
1990 കളില്‍ മാന്‍ഹാട്ടനിലെ ഒരു ഡിപ്പാര്‍ട്‌മെന്‍റ് സ്റ്റോറിലെ ഡ്രസിംഗ് റൂമില്‍ വച്ച് ട്രംപ് ഇ. ജീന്‍ കാരോളിനെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. “ഇത് ഏറ്റവും പരിഹാസ്യവും വെറുപ്പുളവാക്കുന്നതുമായ കഥയാണ്,” കരോളിന്‍റെ അഭിഭാഷകർ രേഖകൾ ഹാജരാക്കിയപ്പോൾ ട്രംപ് പറഞ്ഞു. കെട്ടിച്ചമച്ചുണ്ടാക്കിയ കഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപ് വ്യക്തിപരമായി മൊഴി നൽകില്ലെന്നും തങ്ങൾ ഒരു സാക്ഷിയെയും വിളിക്കില്ലെന്നും അദ്ദേഹത്തിന്‍റെ നിയമ സംഘം ചൊവ്വാഴ്ച യുഎസ് ജില്ലാ ജഡ്ജി ലൂയിസ് കപ്ലാനോട് പറഞ്ഞു.കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത ആഴ്ച വരെ വിചാരണ നീട്ടുമെന്നാണ് റിപ്പോര്‍ട്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് ട്രംപ് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പറയുന്ന രണ്ട് സ്ത്രീകളുടെ മൊഴിയും വിചാരണയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡ്രസിങ് റൂമിൽ വെച്ച് കടന്നുപിടിക്കുകയും പുറത്തുപറഞ്ഞാൽ അപകടപ്പെടുത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയെന്നാണ് കാരോളിന്‍റെ പരാതി. അത് ഭയന്നാണ് താൻ ഇക്കാര്യം ആരോടും പറയാതിരുന്നതെന്നും കരോൾ വ്യക്തമാക്കിയിരുന്നു. 79 കാരിയ ജീൻ കരോൾ എല്ലെ മാഗസിന്റെ അഡൈ്വസ് കോളമിസ്റ്റായിരുന്നു.1996 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2019ലാണ് കാരൽ ആദ്യമായി ട്രംപിനെതിരെ മാനനഷ്ട കേസ് നൽകിയിരുന്നു. എന്നാൽ ബലാത്സംഗ ആരോപണം അന്ന് ഉന്നയിച്ചിരുന്നില്ല. ന്യൂയോർക്കിൽ വർഷങ്ങൾക്ക് മുമ്പ് ബലാത്സംഗത്തിനിരയായവർക്ക് കേസ് നൽകാൻ ഒരു വർഷത്തെ സമയം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാരോള്‍ പരാതി നല്‍കിയത്.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ട്രംപ് തന്‍റെ പുസ്തകം വില്‍ക്കാനായി കാരോള്‍ കെട്ടിച്ചമച്ച കഥയാണിതെന്ന് പറഞ്ഞു. മുൻ പീപ്പിൾ മാഗസിൻ റിപ്പോർട്ടർ നതാഷ സ്റ്റോയ്‌നോഫും ട്രംപിനെതിരെ രംഗത്തെത്തിയിരുന്നു. 2005-ൽ ഫ്ലോറിഡയിലെ മാർ-എ-ലാഗോ ക്ലബ്ബിൽ വച്ച് കുറച്ചു സമയം ബലമായി തടഞ്ഞുവയ്ക്കുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് നതാഷയുടെ ആരോപണം. 1979ല്‍ ഒരു വിമാനയാത്രയില്‍ ട്രംപ് തന്നെ ചുംബിച്ചെന്ന് ജെസീക്ക ലീഡ്സ് എന്ന സ്ത്രീയും വെളിപ്പെടുത്തിയിരുന്നു.