'ലോകത്തിലെ ഏറ്റവും വലിയ കൊതുകിനെ പോലെ തോന്നി'- ചെവിതുളച്ച ബുള്ളറ്റിനെ കുറിച്ച് ട്രംപ്
|ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ കൊലപാതകശ്രമത്തെ കുറിച്ച് ചോദിച്ചപ്പോൾ 'അതിമനോഹരമായ അനുഭവം' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം
ന്യൂയോർക്ക്: അക്രമിയുടെ വെടിയുണ്ട തുളച്ചുകയറിയ വലതുചെവിയിൽ ബാൻഡേജുമായി അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും പൊതുപരിപാടികളിൽ പങ്കെടുത്തുതുടങ്ങി. യുഎസിലെ വിസ്കോൻസെൻ സംസ്ഥാനത്തുള്ള മിൽവോക്കിയിൽ നടന്ന റിപ്പബ്ലിക്കൻ നാഷനൽ കൺവൻഷനിലേക്കെത്തിയ ട്രംപിനെ അനുയായികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. കഴിഞ്ഞ ശനിയാഴ്ച പെൻസിൽവേനിയയിൽ റാലിക്കിടെയുണ്ടായ വധശ്രമത്തെ അതിജീവിച്ച ശേഷം ട്രംപിന്റെ ആദ്യ പൊതുപരിപാടി കൂടിയായിരുന്നു ഇത്.
ആത്മവിശ്വാസത്തോടെ അനുയായികളെ അഭിസംബോധന ചെയ്യുമ്പോഴും ആ സംഭാവമുണ്ടാക്കിയ ഭീതി ഇപ്പോഴും ട്രംപിനെ വിട്ടൊഴിഞ്ഞിട്ടില്ല. ട്രംപും റോബർട്ട് എഫ് കെന്നഡി ജൂനിയറും തമ്മിലുള്ള സ്വകാര്യ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. തന്റെ നേർക്ക് വന്ന ആ ബുള്ളറ്റ് ലോകത്തിലെ ഏറ്റവും വലിയ കൊതുകിനെ പോലെ തോന്നിയെന്നാണ് ട്രംപ് കെന്നഡിയോട് പറയുന്നത്. മൂളിപ്പാഞ്ഞുവന്ന ആ 'കൊതുക്' കടന്നുപോയതിന് ശേഷം നിലക്കാതെ ചോരയൊലിക്കുന്ന ചെവിയുടെ താൻ നിലത്തുവീണതും ട്രംപ് ഓർത്തെടുക്കുന്നുണ്ട്.
വെടിവെപ്പിന് ശേഷം പ്രസിഡൻ്റ് ജോ ബൈഡനുമായുള്ള സംഭാഷണവും അദ്ദേഹം അനുസ്മരിച്ചു. വെടിവെപ്പിന് ശേഷം മുഖത്ത് രക്തക്കറയുമായി സ്റ്റേജിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു ട്രംപ്. ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ തന്റെ സുരക്ഷാ സേനക്ക് ട്രംപ് നന്ദി പറഞ്ഞിരുന്നു.
കൊലപാതകശ്രമത്തെ കുറിച്ച് ചോദിച്ചപ്പോൾ 'അതിമനോഹരമായ അനുഭവം' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. താൻ ഇവിടെ ഇരിക്കേണ്ട ആളല്ല, മരിച്ചുപോകേണ്ട ആളാണെന്നും അദ്ദേഹം രസകരമായി മറുപടി പറഞ്ഞു. ഒരു ചാർട്ട് വായിക്കാൻ തല വലത്തേക്ക് ചെറുതായി തിരിച്ചില്ലായിരുന്നെങ്കിൽ, താൻ ഇപ്പോൾ മരിച്ചിട്ടുണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തിയെന്ന രഹസ്യ വിവരം യു.എസ് അധികൃതർക്ക് ലഭിച്ചതായി സി.എൻ.എൻ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തുന്നെന്ന ഇന്റലിജൻസ് വിവരം യുഎസിനു ലഭിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ സുരക്ഷ ആഴ്ചകൾക്ക് മുൻപ് തന്നെ വർധിപ്പിച്ചിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഇറാൻ വ്യക്തമാക്കി.