' രാജ്യത്തെ ജനാധിപത്യത്തേക്കാൾ ട്രംപിന് വലുത് വിജയമായിരുന്നു '; രൂക്ഷ വിമർശനവുമായി ജോ ബൈഡൻ
|ട്രംപ് അനുകൂലികൾ ആക്രമിച്ച നാഷണൽ സ്റ്റാച്വറി ഹാളിൽ നടന്ന പരിപാടിയിലായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണം
ക്യാപിറ്റോൾ കലാപത്തിന് ഒരാണ്ട് തികയുന്ന ദിനത്തിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി പ്രസിഡൻറ് ജോ ബൈഡൻ.
രാജ്യത്തെ ജനാധിപത്യത്തേക്കാൾ ട്രംപിന് വലുത് വിജയമായിരുന്നെന്നും. ക്യാപിറ്റൾ ആക്രമിക്കാൻ പ്രേരിപ്പിച്ചവർ അമേരിക്കൻ ജനാധിപത്യത്തിന്റെ തൊണ്ടയിൽ കഠാര പിടിച്ചവരാണെന്നും ജോ ബൈഡൻ പറഞ്ഞു. ട്രംപ് അനുകൂലികൾ ആക്രമിച്ച നാഷണൽ സ്റ്റാച്വറി ഹാളിൽ നടന്ന പരിപാടിയിലായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണം.
2021 ജനുവരി 6 ബുധനാഴ്ച, അമേരിക്കയുടെ ജനാധിപത്യചരിത്രത്തെ സംബന്ധിച്ച് ഒരു കരിദിനമാണ്. 2020ലെ തെരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ ഇലക്ടറൽ വോട്ട് വിജയം സാക്ഷ്യപ്പെടുത്താനായി യു.എസ് ക്യാപിറ്റലിൽ സംയുക്ത സമ്മേളനം ചേർന്നതിന് ശേഷമുണ്ടായ കാര്യങ്ങൾ ലോക ജനത ഇന്നും മറന്ന് കാണില്ല.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പല നീക്കങ്ങളും സമ്മർദങ്ങളും വിഫലമായ ദിനമായിരുന്നു അന്ന്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെന്ന വസ്തുത അംഗീകരിക്കാതെ ട്രംപ് അനുകൂലികൾ ഭരണസിരാകേന്ദ്രത്തിലേക്ക് പ്രതിഷേധവുമായി അതിക്രമിച്ചുകയറി. കലാപത്തിന് ആഹ്വാനം ചെയ്തതിന് ട്രംപിനെ ഇംപീച്ച് ചെയ്തു. ക്യാപിറ്റോൾ അക്രമത്തിൽ അഞ്ച് പേർ മരിച്ചു. ഇരുണ്ടദിനത്തിന്റെ ശേഷിപ്പ് ഈ ഒരാണ്ടിനിപ്പുറവും അമേരിക്കയുടെ ചരിത്രത്തിൽ മായാതെ കിടക്കുകയാണ്.