World
ട്രംപിന്റെ വിജയം; ഓഹരിയിൽ കുതിച്ചുയർന്ന് മസ്‌ക്
World

ട്രംപിന്റെ വിജയം; ഓഹരിയിൽ കുതിച്ചുയർന്ന് മസ്‌ക്

Web Desk
|
6 Nov 2024 4:27 PM GMT

ട്രംപിന്റെ മീഡിയ കമ്പനിക്ക് 30 ശതമാനമാണ് ഓഹരിയിൽ വളർച്ചയുണ്ടായിരിക്കുന്നത്

ഓഹരികളുടെ കയറ്റിറക്കങ്ങളുടെ സമയമാണ് അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ്. ഇപ്രാവശ്യത്തെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പും കണ്ടത് ഇതിൽ നിന്ന വ്യത്യസ്തമായൊരു അവസ്ഥയല്ല.

ട്രംപിന്റെ വിജയം ഏറ്റവും ഗുണം ചെയ്തത് ട്രംപിന് തന്നെയാണ്. ട്രംപിന്റെ സ്വന്തം മീഡിയ കമ്പനിയായ ട്രംപ് മീഡിയ ആൻഡ് ടെക്‌നോളജി ഗ്രൂപ്പിന്റെ ഓഹരിയിൽ 30 ശതമാനം വർധനവാണുണ്ടായത്.

സ്‌മോൾ ക്യാപ്, ആഭ്യന്തര-കേന്ദ്രീകൃത ഓഹരികൾ ഉയർന്നതാണ് സ്ഥാപനത്തിന്റെ കുത്തനെയുള്ള ഉയർച്ചക്ക് കാരണമായി കണക്കാക്കുന്നത്.

ട്രംപിന്റെ തെരഞ്ഞെടുപ്പ് കാംപെയിനിലെ മുഖ്യ ആകർഷണം ലോകസമ്പന്നനായ ഇലോൺ മസ്‌കായിരുന്നു. തുടക്കം തന്നെ ട്രംപിന് പിന്തുണ പ്രഖ്യാപിച്ച മസ്‌ക് ട്രംപിന്റെ വിജയത്തിന്റെ പ്രധാന ഘടകങ്ങളിലൊരാളാണ്.

ട്രംപ് വിജയിച്ചതോടെ മസ്‌കിന്റെ ടെസ്‌ല കമ്പനിയുടെ ഓഹരിയിലും വളർച്ചയുണ്ടായി. 12 ശതമാനമാണ് ടെസ്‌ലയുടെ ഓഹരിയിൽ വളർച്ചയുണ്ടായിരിക്കുന്നത്.

മസ്‌കിനെ ചുറ്റിപ്പറ്റി വൻ നിക്ഷേപ വികാരമാണ് അലയടിച്ചുകൊണ്ടിരിക്കുന്നത്. ട്രംപിന്റെ ഭരണത്തിന് കീഴിൽ ഏറ്റവും വളർച്ച കൈവരിക്കാൻ പോകുന്ന കമ്പനികളിലൊന്നായി കണക്കാക്കുന്നതും ടെസ്‌ലയെത്തന്നെയാണ്.

തെരഞ്ഞെടുപ്പിൽ ജയിച്ചാൽ മസ്‌കിനെ ഗവൺമെന്റിന്റെ കാര്യക്ഷമതാ കമ്മീഷണറായി പരിഗണിക്കാമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.

സ്റ്റോക്ക് മാർക്കറ്റ് ഇൻഡെക്‌സുകളായ എസ് അൻഡ് പി 500, ഡൗ ഫ്യൂച്ചറുകൾ ബുധനാഴ്ച കുതിച്ചത് റെക്കോഡ് ഉയരങ്ങളിലേക്കാണ്.

കോർപറേറ്റ് നികുതി ഇളവ്, നിയന്ത്രണങ്ങൾ നീക്കൽ, യുഎസ് കേന്ദ്രീകൃതമായ കമ്പനികൾക്ക് അനുകൂലമായ സാമ്പത്തിക നടപടികൾ വിപണിയിൽ പ്രതീക്ഷിച്ചതിനാൽ ഡൗ ഫ്യൂച്ചർ 1,200 പോയിന്റിലധികമാണ് ഉയർന്നത്.

5.6 ശതമാനത്തിന്റെ വർധനവാണ് റസൽ 2000 സൂചികയും വർധനവ് കാണിച്ചത്. അമേരിക്കൻ ബാങ്കുകളുടെ ഓഹരികളും കുത്തനെയുള്ള ഉയർച്ച തന്നെയാണ് കാണിച്ചത്. ജെപി മോർഗൻ, ബാങ്ക് ഓഫ് അമേരിക്ക, വെൽസ് ഫാർഗോ എന്നീ ബാങ്കുകളുടെ ഓഹരികൾ അഞ്ച് മുതൽ ആറ് ശതമാനം വരെയാണ് ഉയർന്നത്.

വിപണിയുടെ അതിശക്തമായ പ്രതികരണം ട്രംപിന്റെ സാമ്പത്തിക നയങ്ങളിൽ ആത്മവിശ്വാസം നൽകുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അവലോകനം.

Similar Posts