World
gaza ceasefire
World

ട്രംപ് അധികാരമേല്‍ക്കും മുന്‍പ് ഗസ്സ വെടിനിർത്തൽ ചർച്ചകൾക്ക് സാധ്യതയില്ല; തീരുമാനം എളുപ്പമല്ലെന്ന് മധ്യസ്ഥരാജ്യങ്ങൾ

Web Desk
|
8 Nov 2024 1:17 AM GMT

ഫലസ്തീൻ കുടുംബങ്ങളെ നാടുകടത്താൻ നിയമം പാസ്സാക്കിയ ഇസ്രായേൽ നടപടിക്കെതിരെ വ്യാപക എതിർപ്പുമുണ്ട്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റായി ഡൊണൾഡ് ട്രംപ് അധികാരമേൽക്കുന്ന ജനുവരി 20ന്​ മുമ്പ്​ ഗസ്സ വെടിനിർത്തൽ ചർച്ചയിലെ പുരോഗതിക്ക്​​ സാധ്യത മങ്ങി. തിരുമാനത്തിലേക്കെത്തുക എളുപ്പമാകില്ലെന്നാണ് മധ്യസ്ഥ രാജ്യങ്ങളുടെ വിലയിരുത്തൽ. അതിനിടെ ഗസ്സയിലും ലബനാനിലും ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഫലസ്തീൻ കുടുംബങ്ങളെ നാടുകടത്താൻ നിയമം പാസ്സാക്കിയ ഇസ്രായേൽ നടപടിക്കെതിരെ വ്യാപക എതിർപ്പുമുണ്ട്​.

ജനുവരി 20ന്​ ​ ട്രംപ്​ യുഎസ്​ പ്രസിഡന്‍റായി അധികാരം ഏൽക്കുന്നതുവരെ ഗസ്സ വെടിനിർത്തൽ ചർച്ചയിൽ പുരോഗതിക്ക്​ സാധ്യതയില്ല. ചർച്ച നടന്നാൽ തന്നെ തീരുമാനം കൈക്കൊള്ളുക എളുപ്പമാകില്ലെന്നാണ്​ മധ്യസ്ഥ രാജ്യങ്ങളായ ഖത്തറിന്‍റെയും ഈജിപ്തിന്‍റെയും വിലയിരുത്തൽ. ഗ​സ്സ ആ​ക്ര​മ​ണം ട്രം​പ് ഏ​തു രീ​തി​യി​ലാകും ട്രംപ്​ കൈ​കാ​ര്യം ചെ​യ്യു​കയെ​ന്ന കാ​ര്യ​ത്തിലും വ്യക്​തതയില്ല.

അതേസമയം പുതിയ നിർദേശം ഹമാസ്​ തള്ളിയ സാഹചര്യത്തിൽ ഗസ്സയിൽ വെടിനിർത്തലിനായുള്ള ശ്രമങ്ങൾ തുടരുമെന്ന്​ യുഎസ്​ സ്റ്റേറ്റ് വകുപ്പ്​ പ്രതികരിച്ചു. ഗസ്സയിൽ സൈന്യം തുടരുന്നതിന് യാതൊരു ന്യായവുമില്ലെന്നും ഇത് സൈനികരുടെ ജീവൻ അപകടത്തിലാക്കുമെന്നും ഇസ്രായേൽ പ്രതിരോധമന്ത്രി പദവിയിൽ നിന്ന്​ പുറത്താക്കപ്പെട്ട യോവ് ഗാലന്റ് ബന്ദികളുടെ ബന്​ധുക്ക​ളെ അറിയിച്ചതായി റിപ്പോർട്ട്​.

അധികാരത്തിൽനിന്ന് പുറത്താകുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു ഈ തുറന്നുപറച്ചിൽ. അതിനിടെ, ഫ​ല​സ്തീ​ൻ കു​ടും​ബ​ങ്ങ​ളെ രാ​ജ്യ​ത്തു​നി​ന്ന് നാ​ടു​ക​ട​ത്താ​ൻ പാ​ർ​ല​മെ​ന്‍റില്‍ നി​യ​മം പാ​സാ​ക്കി ഇ​സ്രാ​യേ​ൽ പാ​ർ​ല​മെ​ന്‍റ്. അത്യന്തം അപകടകരമായ നീക്കമാണിതെന്ന്​ ഹമാസ്​ പ്രതികരിച്ചു. ഫലസ്തീൻ കൂട്ടായ്​മകളും അറബ്​ ലീഗും നിയമത്തിനെതിരെ ശക്​തമായി രംഗത്തുവന്നു. ഗസ്സയിലെ ജബാലിയയിലെ താൽക്കാലിക അഭയാർഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിൽ മുപ്പതിലേറെ പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ കേന്ദ്രങ്ങൾക്കു നേരെ ഹിസ്​ബുല്ല വ്യാപക മിസൈൽ ആക്രമണം നടത്തി. ലബനാനിൽ 5 സൈനികർ കൊല്ലപ്പെട്ടതായും 12 പേർക്ക്​ പരിക്കേറ്റതായും ഇസ്രായേൽ സ്ഥിരീകരിച്ചു.

Similar Posts