World
gaza tunnel under cemetery
World

ശ്മശാനത്തിന് താഴെ ഹമാസിന്റെ തുരങ്കമെന്ന്; ഇസ്രായേല്‍ വാദം പൊളിച്ചടുക്കി സിഎന്‍എന്‍

Web Desk
|
31 Jan 2024 5:32 AM GMT

മൃതദേഹങ്ങള്‍ എന്തു ചെയ്തുവെന്ന ചോദ്യത്തിന് സൈന്യം വ്യക്തമായ മറുപടി നല്‍കിയില്ല

ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം തകര്‍ത്ത ശ്മാശനത്തിന് താഴെ ഹമാസിന്റെ തുരങ്ക സംവിധാനത്തിന്റെ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് അമേരിക്ക ആസ്ഥാനമായുള്ള സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസിലെ ബാനി ശ്മശാനം തകര്‍ത്തതിന്റെ വീഡിയോ തിങ്കളാഴ്ച ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിരുന്നു. ശ്മശാനത്തിന് താഴെ ഹമാസ് നിര്‍മിച്ച ഒന്നര മൈല്‍ നീളമുള്ള 65 അടി ആഴമുള്ള തുരങ്കം കണ്ടെത്തിയെന്നും സൈന്യം അവകാശപ്പെട്ടിരുന്നു.

എന്നാല്‍, ഇസ്രായേല്‍ സൈന്യത്തിനൊപ്പം പ്രദേശത്ത് നടത്തിയ സന്ദര്‍ശനത്തില്‍ തുരങ്കത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ലെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ പറയുന്നു. കൂടാതെ തുരങ്കത്തിന്‍േറതെന്ന് പറയപ്പെടുന്ന കവാടത്തിലേക്കുള്ള പ്രവേശനവും സൈന്യം നിഷേധിച്ചു. തുരങ്കത്തിനുള്ളില്‍ അപകടകരമായ വസ്തുക്കളുണ്ടെന്നും ഘടന ദുര്‍ബലമാണെന്നുമാണ് അകത്തേക്ക് കൊണ്ടുപോകാത്തതിന് കാരണമായി ഇസ്രായേല്‍ സൈന്യം പറയുന്നത്.

രണ്ട് മുറികളും ഒരു കുളിമുറിയും അടുക്കളയുമുള്ള ഭാഗം മാത്രമാണ് റിപ്പോര്‍ട്ടക്ക് കാണിച്ചുകൊടുത്തത്. ഇത് ഹമാസ് ബറ്റാലിയന്‍ കമാന്‍ഡറുടെ ഓഫിസാണെന്നാണ് ഇസ്രായേലിന്റെ വാദം. മുറികളില്‍ വൈദ്യുതിയും പ്ലബിംഗും ടെലികമ്യൂണിക്കേഷന്‍ സംവിധാനവും ഉണ്ടെന്നും അവര്‍ അവകാശപ്പെട്ടു. എന്നാല്‍, ഇരുട്ടുള്ള മുറി മാത്രമാണ് റിപ്പോര്‍ട്ടര്‍ക്ക് കാണാനായത്.

സെമിത്തേരിക്ക് സമീപമുള്ള തുരങ്കത്തിന്‍േറതെന്ന് പറയപ്പെടുന്ന ഡ്രോണ്‍ ദൃശ്യങ്ങള്‍ ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടിരുന്നു. എന്നാല്‍, തുരങ്ക കവാടത്തിന്റെ വീഡിയോ അതിലുണ്ടായിരുന്നില്ല. ഇതിന്റെ വീഡിയോ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. തുടര്‍ന്ന് സിഎന്‍എന്‍ ശ്മശാനത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ അപഗ്രഥിക്കുകയും തുരങ്കത്തിലേക്കുള്ള പ്രവേശന കവാടങ്ങളൊന്നും അവിടെ ഇല്ലെന്നും മനസ്സിലാക്കി.

അതേമസയം, ശ്മാശനം ഇസ്രായേല്‍ സൈന്യം ബുള്‍ഡോസര്‍ ഉപയോഗിച്ച് കുഴിച്ചിട്ടുണ്ട്. ഇവിടെ ഉണ്ടായിരുന്ന മൃതദേഹങ്ങള്‍ എന്തു ചെയ്തുവെന്ന ചോദ്യത്തിന് സൈന്യം വ്യക്തമായ മറുപടി നല്‍കിയില്ല.

അന്താരാഷ്ട്ര നിയമമനുസരിച്ച് ശ്മാശനത്തിന് നേരെയുള്ള മനഃപൂര്‍വമായ ആക്രമണം യുദ്ധക്കുറ്റമായിട്ടാണ് കണക്കാക്കുന്നത്. യുദ്ധത്തിന്റെ തുടക്കം മുതല്‍ ഗസ്സയിലെ 16 ശ്മാശനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.

ആക്രമണം നാല് മാസത്തോട് അടുക്കുമ്പോഴും ഗസ്സയിലെ ഹമാസ് തുരങ്കങ്ങളില്‍ ഇസ്രായേലിന് ഇതുവരെ തൊടാനായിട്ടില്ല. യുദ്ധത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായി ഇസ്രായേല്‍ പറഞ്ഞത് ഗസ്സയിലെ ഹമാസ് തുരങ്കങ്ങള്‍ പൂര്‍ണമായും തകര്‍ക്കുമെന്നായിരുന്നു. എന്നാല്‍, തുരങ്കങ്ങളില്‍ 80 ശതമാനവും ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഇസ്രായേല്‍, യു.എസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുതിര്‍ന്ന ഹമാസ് നേതാക്കളെ പിടികൂടുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും ഇസ്രായേലിന് തടസ്സം സൃഷ്ടിക്കുന്നത് തുരങ്കങ്ങളാണ്. ആശുപത്രികളിലടക്കം ആക്രമണം നടത്തിയതിനെ ഇസ്രായേല്‍ ന്യായീകരിച്ചത് അടിയില്‍ തുരങ്കങ്ങളുണ്ടെന്ന് പറഞ്ഞായിരുന്നു. എന്നാല്‍, ഗസ്സയിലെ ആശുപത്രികളെല്ലാം തകര്‍ത്തിട്ടും ഒരു തുരങ്കം പോലും കണ്ടെത്താനായിട്ടില്ല. അല്‍ ശിഫ ആശുപത്രിക്കടിയില്‍ തുരങ്കം കണ്ടെത്തിയെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടെങ്കിലും അത് നേരത്തെ തങ്ങള്‍ തന്നെ നിര്‍മിച്ചതാണെന്ന് മുന്‍ പ്രധാനമന്ത്രി യെഹൂദ് ബറാക് വെളിപ്പെടുത്തിയതോടെ ആ വാദവും പൊളിഞ്ഞു.

ഗസ്സക്ക് അടിയില്‍ 300 മൈലില്‍ അധികം നീളത്തില്‍ തുരങ്കങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നാണ് ഇസ്രായേല്‍ പറയുന്നത്. ഹമാസ് ആയുധങ്ങള്‍ സൂക്ഷിക്കുന്നതും മുതിര്‍ന്ന നേതാക്കളും പോരാളികളും താമസിക്കുന്നതും ഇതിലാണെന്നും ഇസ്രായേല്‍ പറയുന്നു.

തുരങ്കങ്ങള്‍ നശിപ്പിക്കാന്‍ പല വഴികളും ഇസ്രായേല്‍ നോക്കിയിരുന്നു. മെഡിറ്ററേനിയന്‍ കടലില്‍നിന്ന് തുരങ്കങ്ങളിലേക്ക് വെള്ളം അടിച്ചുകയറ്റി പ്രളയസമാന സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമിച്ചു. വ്യോമാക്രമണവും ദ്രാവക രൂപത്തിലുള്ള സ്ഫോടക വസ്തുക്കളും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമം നടത്തി. തുരങ്കങ്ങളുടെ പ്രവേശന കവാടം കണ്ടെത്താന്‍ നായ്ക്കളേയും റോബോട്ടുകളേയും ഉപയോഗിച്ചു. എന്നിട്ടും തുരങ്കങ്ങള്‍ എവിടെ തുടങ്ങി എവിടെ അവസാനിക്കുന്നു എന്നതില്‍ പ്രാഥമിക ധാരണ പോലും ലഭിച്ചിട്ടില്ല.

Similar Posts