ഇസ്രായേൽ ചാരസംഘടന മൊസാദിനായി ചാരപ്പണി; തുർക്കിയിൽ 33 പേർ അറസ്റ്റിൽ
|മറ്റ് 13 പേരെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
അങ്കാറ: ഇസ്രായേൽ ചാരസംഘടന മൊസാദിനായി ചാരവൃത്തി നടത്തിയതിന് തുർക്കിയിൽ 33 പേർ അറസ്റ്റിൽ. ഓപ്പറേഷൻ മോൾ എന്ന് പേരിട്ട് നടത്തിയ പരിശോധനയിൽ രാജ്യത്തെ എട്ട് പ്രവിശ്യകളിൽ നിന്നാണ് ഇത്രയും പേർ പിടിയിലായത്. മറ്റ് 13 പേരെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും സ്റ്റേറ്റ് വാർത്താ ഏജൻസി അനദോലു റിപ്പോർട്ട് ചെയ്തു.
തുർക്കിയയിലെ ദേശീയ ഇന്റലിജൻസ് ഓർഗനൈസേഷനും (എംഐടി) ഇസ്താംബുൾ പ്രോസിക്യൂട്ടറുടെ ഓഫീസിലെ തീവ്രവാദ വിരുദ്ധ ബ്യൂറോയും ചേർന്നാണ് 33 പേരെ കസ്റ്റഡിയിലെടുത്തതെന്ന് തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ എക്സിലൂടെ അറിയിച്ചു.
വിദേശ പൗരന്മാരെ ലക്ഷ്യമിട്ടുള്ള മൊസാദിന്റെ ശ്രമങ്ങളെ തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഓപ്പറേഷന്റെ ഭാഗമായാണ് അറസ്റ്റെന്നും തുർക്കി മണ്ണിൽ വിദേശികളെ നിരീക്ഷിക്കാനും തട്ടിക്കൊണ്ടുപോകാനും മൊസാദ് രഹസ്യാന്വേഷണ വിഭാഗം പദ്ധതിയിട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ദേശീയ ഐക്യത്തിനും ഐക്യദാർഢ്യത്തിനും എതിരായ ചാരപ്രവർത്തനം തങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. പിടിയിലാവരിൽ നിന്ന് 143,830 യൂറോ, 23,680 ഡോളർ, ലൈസൻസില്ലാത്ത തോക്കുകൾ, ഡിജിറ്റൽ ഫയലുകൾ എന്നിവയും അധികൃതർ കണ്ടെത്തി.
തുർക്കിയിലെ വിദേശികളെ ലക്ഷ്യമിട്ട് മൊസാദ് നടത്തിയ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി 46 പേർക്ക് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതായി ഇസ്താംബൂളിലെ പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.
അതേസമയം, ഇസ്രായേൽ ചാരസംഘടന മൊസാദുമായി ബന്ധമുള്ള ഒരു സ്ത്രീയടക്കം നാലു പേരെ ഡിസംബർ 29ന് ഇറാൻ തൂക്കിലേറ്റിയിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ വഫ ഹനാറെ, അരാം ഉമരി, റഹ്മാൻ പർഹാസോ എന്നിവരെയും നാസിം നമാസി എന്ന വനിതയെയുമാണ് തൂക്കിലേറ്റിയത്. സമാന കാരണങ്ങളാൽ രണ്ടാഴ്ച മുമ്പും ഒരാളെ തൂക്കിലേറ്റിയിരുന്നു.
ഇറാന്‍റെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയായ വെസ്റ്റ് അസർബൈജാനിൽ സയണിസ്റ്റ് ഭരണകൂടവുമായി ബന്ധപ്പെട്ട അട്ടിമറി സംഘത്തിലെ നാല് അംഗങ്ങളെ തൂക്കിലേറ്റിയെന്ന് ഇറാൻ ജുഡീഷ്യറിയുടെ മിസാൻ വെബ്സൈറ്റ് ആണ് റിപ്പോർട്ട് ചെയ്തത്. മൊസാദിന്‍റെ നിർദേശപ്രകാരം രാജ്യ സുരക്ഷയ്ക്കെതിരെ ഈ സംഘം നീക്കം നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.