വിദ്വേഷ പ്രചരണം; വിവാദ പോപ് താരത്തെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ച് തുർക്കി കോടതി
|46കാരിയായ ഗായിക രാജ്യത്തെ മതപഠന കേന്ദ്രങ്ങളെ അധിക്ഷേപിച്ചു നടത്തിയ പ്രസ്താവനയായിരുന്നു അറസ്റ്റിനാധാരം.
വിദ്വേഷ പ്രചരണക്കുറ്റത്തിന് അറസ്റ്റിലായ പോപ് താരത്തെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കാൻ തുർക്കി കോടതി ഉത്തരവ്. വിവാദ പോപ് ഗായിക ഗുൽസെൻ ബയ്റക്തറിനെ മോചിപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. 46കാരിയായ ഗായിക രാജ്യത്തെ മതപഠന കേന്ദ്രങ്ങളെ അധിക്ഷേപിച്ചു നടത്തിയ പ്രസ്താവനയായിരുന്നു അറസ്റ്റിനാധാരം.
ആഗസ്റ്റ് 25ന് അറസ്റ്റിലായി ജയിലിലടയ്ക്കപ്പെട്ട ഗുൽസെനെ പിന്നീട് വീട്ടുതടങ്കലിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച അവർ വീട്ടുതടങ്കലിൽ നിന്ന് മോചിതയാവും എന്നാണ് കരുതുന്നെന്നും നിലവിൽ ഗുൽസെന് യാത്രാവിലക്ക് നിലനിൽക്കുന്നുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.
തുർക്കി സർക്കാർ സ്ഥാപിച്ച ഇമാം ഹാത്തിപ് മതപാഠശാലയ്ക്കെതിരെയായിരുന്നു പോപ് ഗായികയുടെ പരാമർശം. പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ഈ മതപാഠശാലയിലായിരുന്നു പഠിച്ചിരുന്നത്. ഈ മതപാഠശാലകൾ പിന്നീട് രാജ്യമൊട്ടാകെ വ്യാപിച്ചു.
ഏപ്രിലിൽ തന്റെ ഗിറ്റാറിസ്റ്റ് ഒരു മോശം പ്രവർത്തി കാണിച്ചതായും ഇമാം ഹാത്തിപ് മതപാഠശാലയിൽ പഠിച്ചതിനാലാണ് അത്തരമൊരു കാര്യം അയാളിൽ നിന്നും ഉണ്ടായതെന്നും ഗുൽസെൻ പരിഹസിച്ചിരുന്നു. ഇതാണ് വിവാദമായത്.
ഈ പരാമർശങ്ങൾ കഴിഞ്ഞമാസം ഒരു സർക്കാർ അനുകൂല ദിനപത്രം പുനഃപ്രസിദ്ധീകരിച്ചു. സംഭവം, അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തുർക്കിയിൽ എർദോഗന്റെ ഭരണകക്ഷിയായ കൺസർവേറ്റീവ് ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടിയിൽ (എ.കെ പാർട്ടി) വലിയ ചർച്ചകൾക്കിടയാക്കി. തുടർന്ന് ഗുൽസെനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഗുൽസെന്റെ അറസ്റ്റ് താരത്തിന്റെ യുവ ലിബറൽ ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കി. എൽ.ജി.ബി.റ്റി.ക്യു സമൂഹത്തിന്റെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നതിനാലാണ് ഗുൽസെനെ ഭരണകൂടം വേട്ടയാടുന്നതെന്നായിരുന്നു വിമർശനം.
അതേസമയം, അറസ്റ്റിന് മുമ്പ്, തന്റെ പ്രസ്താവനിൽ ഖേദം പ്രകടിപ്പിച്ച് ഗുൽസെൻ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. 'ധ്രുവീകരിക്കപ്പെട്ട രാജ്യത്ത് കൂടുതൽ വിഭജനത്തിന് തന്റെ അഭിപ്രായങ്ങൾ ഉപയോഗിച്ചതിൽ ഖേദിക്കുന്നു' എന്നായിരുന്നു അവരുടെ പ്രതികരണം.
കേസിന്റെ വിചാരണയുടെ ആദ്യ വാദം ഒക്ടോബർ 21ന് നടക്കും. കുറ്റം തെളിഞ്ഞാൽ ഗുൽസെൻ മൂന്ന് വർഷം വരെ തടവ് അനുഭവിക്കണം. തുർക്കിയിലെ കോടതികൾക്ക് സർക്കാരിൽ നിന്നും സഖ്യകക്ഷികളിൽ നിന്നും നിർദേശങ്ങൾ ലഭിക്കുന്നുണ്ടെന്നാണ് വിമർശകരുടെ ആരോപണം. എന്നാൽ കോടതികൾ സ്വതന്ത്രമാണെന്ന് സർക്കാർ പറയുന്നു.