World
TurkeySyriaearthquakedeathtoll
World

തകർന്നടിഞ്ഞ് തുർക്കിയും സിറിയയും; ഭൂകമ്പത്തിൽ മരണം 3,500 കടന്നു

Web Desk
|
7 Feb 2023 1:29 AM GMT

മരണസംഖ്യ എട്ടുമടങ്ങ് ഉയരുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

അങ്കാറ/ദമാസ്‌കസ്: തുർക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പങ്ങളിൽ മരണം 3,500 കടന്നു. തുർക്കിയിൽ മാത്രം 2,300ഓളം പേരാണ് മരിച്ചത്. രാത്രി വൈകിയും രക്ഷാദൗത്യം പുരോഗമിക്കുകയാണ്. ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് തുർക്കി പ്രസിഡന്റ്.

ദക്ഷിണ തുർക്കിയിലും അയൽരാജ്യമായ സിറിയയിലുമാണ് ആയിരങ്ങളുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. മരണസംഖ്യ ഉയരുകയാണ്. മരണസംഖ്യ എട്ടുമടങ്ങ് ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നിരവധി പേർക്ക് പരിക്കേറ്റ ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിലും ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുകയാണ്.

ഇന്നലെ പുലർച്ചെ പ്രാദേശിക സമയം 4.17നാണ് തുർക്കിയും സിറിയയും ഭൂചലനത്തിൽ കുലുങ്ങി വിറച്ചത്. ആളുകൾ ഉറങ്ങിക്കിടക്കെയായിരുന്നു ദുരന്തമെത്തിയത്. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രതയാണ് ആദ്യ ഭൂചലനത്തിൽ റിപ്പോർട്ട് ചെയ്തത്. തുർക്കി നഗരവും പ്രവിശ്യാ തലസ്ഥാനവുമായ ഗാസിയാൻടെപ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 18 കി.മീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്.

ആദ്യ ഭൂചലനത്തിന്റെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ തുർക്കിയെ നടുക്കി രണ്ടാം ഭൂചലനവും നടന്നു. റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി. പിന്നീട് മൂന്നുതവണ കൂടി ചലനങ്ങളുണ്ടായി. അപകടത്തിൽ ആയിരക്കണക്കിനു കെട്ടിടങ്ങൾ നിലംപൊത്തി. തുർക്കിയിൽ മാത്രം അയ്യായിരത്തിലേറെ കെട്ടിടങ്ങൾ തകർന്നതായാണ് കണക്ക്. റോഡുകളും വൈദ്യുതി ബന്ധവും തകർന്നു.

തുർക്കിക്കും സിറിയയ്ക്കും സഹായഹസ്തവുമായി ലോക രാജ്യങ്ങളെത്തിയിട്ടുണ്ട്. അമേരിക്കയും ഇന്ത്യയുമടക്കം 45 രാജ്യങ്ങൾ തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനും സഹായം വാഗ്ദാനം ചെയ്തതായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകളെ തുർക്കിയിലേക്ക് അയക്കാൻ തയാറാണെന്ന് കേന്ദ്രം അറിയിച്ചിരുന്നു. നാറ്റോ അംഗരാജ്യങ്ങളും യൂറോപ്യൻ യൂനിയനും തുർക്കിക്ക് സഹായം വാഗ്ദാനം ചെയ്തു. റഷ്യയും നെതർലൻഡും തുർക്കിക്കൊപ്പം സിറിയയ്ക്കും സഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. തുർക്കി പ്രസിഡന്റുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉടൻ സംസാരിക്കുമെന്ന് വൈറ്റ് ഹൗസും അറിയിച്ചു. തുർക്കിയിൽ ഒരാഴ്ചത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Summary: Turkey-Syria earthquake death toll updates

Similar Posts