‘അന്ന് ഹിറ്റ്ലറെ തടഞ്ഞത് പോലെ നെതന്യാഹുവിനെയും തടയണം’; ഫലസ്തീനെ കുട്ടികളുടെയും സ്ത്രീകളുടെയും ഏറ്റവും വലിയ ശ്മശാനമായി ഇസ്രായേൽ മാറ്റുന്നു- ഉർദുഗാൻ
|യുഎൻ ജനറൽ അസംബ്ലിയിൽ ഇസ്രായേലിനും യുഎന്നിനുമെതിരെ രൂക്ഷവിമർശനമാണ് ഉർദുഗാൻ ഉന്നയിച്ചത്
വാഷിങ്ടൺ: കുട്ടികളുടെയും സ്ത്രീകളുടെയും ലോകത്തിലെ ഏറ്റവും വലിയ ശ്മശാനമായി ഫലസ്തീനെ ഇസ്രായേൽ മാറ്റുകയാണെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ചൊവ്വാഴ്ച ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിയിൽ ഇസ്രായേലിനും യുഎന്നിനുമെതിരെ രൂക്ഷവിമർശനമാണ് ഉർദുഗാൻ ഉന്നയിച്ചത്.
ഗസയിൽ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങളിൽ നിഷ്ക്രിയത്വം പുലർത്തുന്ന ഐക്യരാഷ്ട്രസഭയെ ഉർദുഗാൻ കടന്നാക്രമിച്ചു. ‘ഗസയിൽ കുട്ടികൾ മാത്രമല്ല, യുഎൻ സംവിധാനവും കൂടിയാണ് മരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങൾക്കുണ്ടെന്ന് അവകാശപ്പെടുന്ന മൂല്യങ്ങൾ ഗസയിൽ മരിച്ചുവീഴുകയാണ്. സത്യവും മരിക്കുന്നു. നീതിയുക്തമായ ലോകത്ത് ജീവിക്കാനുള്ള മനുഷ്യരാശിയുടെ പ്രതീക്ഷകളാണ് അവിടെ മരിച്ചുവീഴുന്നത്. ഗസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലുമുള്ളവർ മനുഷ്യരല്ലേ? ഫലസ്തീനിലെ കുട്ടികൾക്ക് അവകാശങ്ങളൊന്നുമില്ലേയെന്നും ഉർദുഗാൻ ചോദിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് തള്ളിവിടുകയാണ്. നെതന്യാഹുവിനെ അഡോൾഫ് ഹിറ്റ്ലറുമായി താരതമ്യം ചെയ്തായിരുന്നു ഉർദുഗാന്റെ പ്രസംഗം. നെതന്യാഹുവിനെയും അയ്യാളുടെ കൊലപാതക സംഘത്തെയും തടയാൻ അന്താരാഷ്ട്ര സമൂഹം മുന്നിട്ടിറങ്ങണം. 70 വർഷം മുമ്പ് കൊലയാളിയായ ഹിറ്റ്‌ലറെ മാനവികതയുടെ സഖ്യം തടഞ്ഞതുപോലെ, നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ കൊലപാതക സംഘത്തെയും തടയാൻ അന്താരാഷ്ട്ര സമൂഹം മുന്നിട്ടിറങ്ങണമെന്നും ഉർദുഗാൻ പറഞ്ഞു.
ഇസ്രായേലിന്റെ സൈനിക നടപടികളാൽ 41,467 പേർ കൊല്ലപ്പെട്ട ഗസയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്നും തുർക്കി പ്രസിഡൻ്റ് ആഹ്വാനം ചെയ്തു.