റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ തുർക്കിയുടെ മധ്യസ്ഥതയിൽ നടത്തിയ ഉന്നതതല ചർച്ച പരാജയം
|റഷ്യക്കു മുന്നിൽ കീഴടങ്ങാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ തുർക്കിയുടെ മധ്യസ്ഥതയിൽ നടത്തിയ ആദ്യ ഉന്നതതല ചർച്ച പരാജയപ്പെട്ടു. 24 മണിക്കൂർ വെടി നിർത്തൽ നിർദേശം റഷ്യയും യുക്രൈനും തള്ളി. റഷ്യൻ പ്രധാനമന്ത്രി സെർജി വിക്ടോറോവിച്ച് ലാവ്റോവും യുക്രൈൻ വിദേശ കാര്യ മന്ത്രി ഡിമിട്രോ കുലേബയും ചർച്ചയിൽ പങ്കെടുത്തു.
ചർച്ചയിൽ ഉപാധികളൊന്നും തന്നെ അംഗീകരിക്കാൻ ഇരു രാജ്യങ്ങളും തയ്യാറായിരുന്നില്ല. ആളുകൾക്ക് യുദ്ധ സ്ഥലത്ത് നിന്നും ഒഴിഞ്ഞു പോകുന്നതിന് വേണ്ടി 24 മണിക്കൂർ നേരത്തേക്ക് വെടി നിർത്തൽ ദീർഘിപ്പിക്കണമെന്ന യുക്രൈന്റെ ആവശ്യം റഷ്യ അംഗീകരിച്ചില്ല. നിലവിലെ സാഹചര്യത്തിൽ വെടി നിർത്തൽ പ്രായോഗികമല്ലെന്ന നിലപാട് യുക്രൈനും സ്വീകരിച്ചത് ചർച്ച പരാജയപ്പെടുന്നതിലേക്ക് നയിച്ചു.
അതേസമയം ചർച്ചയിലെ ചില പരാമർശങ്ങൾ ശുഭസൂചന നൽകുന്നതാണെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ അമേരിക്കൻ നേതൃത്വത്തെ അറിയിച്ചു. വിഷയത്തിൽ തുർക്കി പ്രസിഡന്റ് അമേരിക്കൻ പ്രസി്ഡന്റ് ജോ ബൈഡനുമായി സംസാരിച്ചുവെന്നാണ് വിവരം. നയതന്ത്ര ബന്ധത്തിലൂടെ വിഷയം രമ്യമായി പരിഹരിക്കണമെന്ന് തുർക്കി ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ട നടപടി ക്രമങ്ങൾ ഉടൻ പൂർത്തീകരിക്കണമെന്നും തുർക്കി വ്യക്തമാക്കി. എന്നാൽ ചർച്ച എങ്ങുമെത്താതെ പോയതിൽ നിരാശയുണ്ടെന്ന് പാശ്ചാത്യ രാജ്യങ്ങളും അഭിപ്രായപ്പെട്ടു.
റഷ്യക്കു മുന്നിൽ കീഴടങ്ങാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു. വെടിനിർത്തൽ കരാർ അംഗീകരിക്കുന്ന കാര്യത്തിൽ യുക്രൈനും റഷ്യയും പുരോഗതി കൈവരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങൾ നയതന്ത്രത്തിന് തയ്യാറാണ്, ഞങ്ങൾ നയതന്ത്ര തീരുമാനങ്ങൾ തേടുകയും സമാധാനം ആഗ്രഹിക്കുകയും ചെയ്യുന്നു, എന്നാൽ റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ ഞങ്ങൾ സുസജ്ജമാണെന്നും യുക്രൈൻ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.