'തുണയായി നിന്ന രാജ്യങ്ങളെയും മനുഷ്യരെയും നന്ദിയോടെ സ്മരിക്കുന്നു'; ദുബൈ സമ്മേളനത്തിൽ ഉർദുഗാൻ
|31,600 പേരെയാണ് നഷ്ടമായതെന്ന് തുർക്കി പ്രസിഡൻറ്
രാജ്യം നേരിട്ട കൊടിയ ദുരന്തത്തിൽ തുണയായി നിന്ന മുഴുവൻ രാജ്യങ്ങളെയും മനുഷ്യരെയും നന്ദിയോടെ സ്മരിക്കുന്നതായി തുർക്കി പ്രസിഡൻറ് ഉർദുഗാൻ. ദുബൈയിൽ നടക്കുന്ന ഗവൺമെൻറ്‌തല ഉച്ചകോടിയിൽ ഓൺലൈനായി നടത്തിയ പ്രഭാഷണത്തിൽ ഭൂകമ്പത്തിന്റെ കെടുതികൾ ഉർദുഗാൻ വിശദീകരിച്ചു. മനുഷ്യസാധ്യമായ എല്ലാ നടപടികളും ദുരിതബാധിതർക്കായി തുടരുമെന്നും ഉർദുഗാൻ വ്യക്തമാക്കി.
31,600 പേരെയാണ് തുർക്കിക്ക് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. നൂറുകണക്കിനാളുകളെ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിയിൽ നിന്ന് രക്ഷപ്പെടുത്താനായി. ലക്ഷങ്ങൾക്ക് താൽക്കാലിക പാർപ്പിട സൗകര്യം ഒരുക്കാനും സാധിച്ചു. യു.എ.ഇ ഉൾപ്പെടെ ലോക രാജ്യങ്ങളുടെ ശക്തമായ ഇടപെടലും സഹായവുമാണ് ദുരിതബാധിതർക്ക് തുണയായതന്നും ഉർദുഗാൻ ചൂണ്ടിക്കാട്ടി. മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമാണ് തുർക്കിയിലും സിറിയയിലും സംഭവിച്ചത്. ലോകരാജ്യങ്ങളുടെ ഉദാരമായ സഹായഹസ്തം ഒരു കാലത്തും തുർക്കി മറക്കില്ലെന്നും വികാരനിർഭരമായ വീഡിയോ സന്ദേശത്തിൽ ഉർദുഗാൻ പറഞ്ഞു.
അന്താരാഷ്ട്ര ഐക്യദാർഡ്യത്തിന്റെ വില കൂടിയാണ് ഭൂകമ്പത്തിലൂടെ ലോകം തിരിച്ചറിഞ്ഞത്. നൂറിലേറെ രാജ്യങ്ങളാണ് സഹായവാഗ്ദാനവുമായി രംഗത്തു വന്നത്. യു.എ.ഇ ഉൾപ്പെടെ അറബ്‌രാജ്യങ്ങളുടെ ഇടപെടലിനെ പ്രത്യേകം പ്രകീർത്തിക്കാനും ഉർദുഗാൻ മറന്നില്ല.
Turkish President Erdogan gratefully remembers all the countries and people who helped the country in the tragedy.