കൊലപാതകം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു
|ഒർലാൻഡോ പ്രദേശത്തുണ്ടായ രണ്ട് വെടിവെപ്പിനും ഉത്തരവാദിയെന്നു കരുതുന്ന കീത്ത് മെൽവിൻ മോസസ് (19) എന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയില്‍ നടന്ന കൊലപാതകം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ചാനല്‍ റിപ്പോര്‍ട്ടര്‍ വെടിയേറ്റു മരിച്ചു. ഇയാള്‍ക്കൊപ്പം ഒരു ചെറിയ പെണ്‍കുട്ടിക്കും വെടിയേറ്റിട്ടുണ്ട്. ഒർലാൻഡോ പ്രദേശത്തുണ്ടായ രണ്ട് വെടിവെപ്പിനും ഉത്തരവാദിയെന്നു കരുതുന്ന കീത്ത് മെൽവിൻ മോസസ് (19) എന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
സ്പെക്‌ട്രം ന്യൂസ് 13 എന്ന ചാനലില്‍ നിന്നുള്ളയാളാണ് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകനെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.രണ്ടാമത് നടന്ന വെടിവെപ്പില്‍ മാധ്യമപ്രവർത്തകനും 9 വയസ്സുള്ള പെൺകുട്ടിക്കും പുറമേ ഒരു ടിവി ജീവനക്കാരനും പെൺകുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റു.വെടിവെപ്പിന്‍റെ കാരണം വ്യക്തമായിട്ടില്ല. ആയുധധാരിയായ പ്രതി പൊലീസുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. "ഇന്ന് ഫ്ലോറിഡയിലെ ഓറഞ്ച് കൗണ്ടിയിൽ കൊല്ലപ്പെട്ട പത്രപ്രവർത്തകന്‍റെ കുടുംബത്തെയും പരിക്കേറ്റ ക്രൂ അംഗത്തെയും മുഴുവൻ സ്പെക്ട്രം ന്യൂസ് ടീമിനൊപ്പം ഞങ്ങളും സ്മരിക്കുന്നു'' വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ക്രൂ അംഗങ്ങളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ സെലസ്‌റ്റെ സ്പ്രിംഗർ ലൈവ് ഓൺ-എയർ റിപ്പോർട്ടിൽ പറഞ്ഞു.