World
മസ്‌കിന് തിരിച്ചടി; ട്വിറ്ററുമായുള്ള ഇടപാട് കാലാവധി അവസാനിച്ചു
World

മസ്‌കിന് തിരിച്ചടി; ട്വിറ്ററുമായുള്ള ഇടപാട് കാലാവധി അവസാനിച്ചു

Web Desk
|
3 Jun 2022 4:50 PM GMT

ട്വിറ്ററുമായുള്ള കരാർ അനുസരിച്ച് ഇടപാടിൽനിന്ന് പിന്മാറിയാൽ മസ്‌ക് 100 കോടി ഡോളർ നൽകേണ്ടിവരും

സാൻ ഫ്രാൻസിസ്‌കോ: സമൂഹമാധ്യമമായ ട്വിറ്റർ വാങ്ങാനുള്ള ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ നീക്കത്തിന് തിരിച്ചടി. മസ്‌കുമായുള്ള ഇടപാടിനുള്ള കാത്തിരിപ്പ് അവസാനിച്ചതായി ട്വിറ്റർ അറിയിച്ചു. 44 ബില്യൻ ഡോളറിന്(ഏകദേശം 3.67 ലക്ഷം കോടി രൂപ) ട്വിറ്റർ വാങ്ങാനുള്ള കരാറിലാണ് തിരിച്ചടി. യു.എസിലെ ഹാർട്ട്-സ്‌കോട്ട്-റോഡിനോ ആന്റിട്രസ്റ്റ് ഇംപ്രൂവ്‌മെന്റ്‌സ്(എച്ച്.എസ്ആർ) ആക്ട് പ്രകാരമുള്ള കാത്തിരിപ്പ് അവസാനിച്ചതോടെ പതിവ് ക്ലോസിങ് വ്യവസ്ഥകൾക്ക് വിധേയമായായിരിക്കും തുടർ ഇടപാടെന്നാണ് ട്വിറ്റർ വ്യക്തമാക്കിയിരിക്കുന്നത്.

ഇനി കരാർ പൂർത്തീകരിച്ച് ട്വിറ്റർ സ്വന്തമാക്കണമെങ്കിൽ കൂടുതൽ വ്യവസ്ഥകൾ പാലിക്കേണ്ടവരും. കമ്പനിയിലെ മുഴുവൻ ഓഹരി ഉടമകളുടെയും അനുമതിയാണ് ഇതിലൊന്ന്. ഈ വ്യവസ്ഥയായിരിക്കും ട്വിറ്റർ ഇടപാടിൽ മസ്‌കിന് ഇനി ഏറ്റവും വലിയ വെല്ലുവിളിയാകുക.

എച്ച്.എസ്.ആർ നിയമപ്രകാരം വലിയ ഇടപാടുകൾ നടത്തുമ്പോൾ ഫെഡറൽ ട്രേഡ് കമ്മീഷനിലും യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് ആന്റിട്രസ്റ്റ് ഡിവിഷനിലും ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കണം. ട്വിറ്ററുമായുള്ള കരാർ അനുസരിച്ച് ഇടപാടിൽനിന്ന് പിൻമാറിയാൽ മസ്‌ക് 100 കോടി ഡോളർ നൽകേണ്ടിവരും.

കഴിഞ്ഞ ഏപ്രിൽ 26നാണ് ട്വിറ്റർ ഏറ്റെടുക്കാമെന്ന ഇലോൺ മസ്‌കിന്റെ വാഗ്ദാനം ട്വിറ്റർ ബോർഡ് അംഗീകരിച്ചത്. ഓഹരി ഒന്നിന് 54.20 ഡോളർ എന്ന നിരക്കിൽ 44 ബില്യണിനാണ് കരാർ. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ ഏപ്രിൽ ആദ്യം മസ്‌ക് സ്വന്തമാക്കിയിരുന്നു. ട്വിറ്ററിന്റെ ഓഹരിയിലെ ക്ലോസിങ് മൂല്യത്തേക്കാൾ 38 ശതമാനം കൂടുതലാണ് കരാർ തുക.

മസ്‌ക് ഒറ്റയ്ക്ക് ട്വിറ്റർ സ്വന്തമാക്കാതിരിക്കാൻ ഷെയർഹോൾഡർ റൈറ്റ്‌സ് പ്ലാൻ അഥവാ പോയിസൺ പിൽ എന്ന തന്ത്രം നടപ്പാക്കാൻ നേരത്തെ ട്വിറ്റർ തീരുമാനിച്ചിരുന്നു. കമ്പനിയിലെ മസ്‌കിന്റെ ഓഹരി വിഹിതം കുറച്ച് ഏറ്റെടുക്കൽ ചെലവേറിയതാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ മസ്‌ക് ഉയർന്ന തുക വാഗ്ദാനം ചെയ്തതിനാൽ നിക്ഷേപകരുടെ സമ്മർദം ശക്തമായി. മോഹവിലയിട്ട മസ്‌കിന്റെ ഓഫറിൻറെ തടവിലല്ല ട്വിറ്ററെന്ന് സി.ഇ.ഒ പരാഗ് അഗർവാൾ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ നിക്ഷേപകരുടെ സമ്മർദം ശക്തമായതോടെ ബോർഡ് ചർച്ച ചെയ്ത് മസ്‌കിന്റെ ഓഫർ സ്വീകരിക്കുകയായിരുന്നു.

Summary: Twitter said the waiting period for Elon Musk's $44-billion acquisition of the social media firm has expired

Related Tags :
Similar Posts