വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും ട്വിറ്റർ തടയണം; മസ്കിന് യൂറോപ്യൻ യൂണിയന്റെ താക്കീത്
|ട്വിറ്ററിലൂടെ വിദ്വേഷ പ്രചരണം ശക്തമായ സാഹചര്യത്തിലാണ് നിർദേശം.
ബ്രസൽസ്: വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും തടയണമെന്ന് ട്വിറ്റർ സി.ഇ.ഒ ഇലോൺ മസ്കിന് യൂറോപ്യൻ യൂണിയന്റെ താക്കീത്. ട്വിറ്റർ വിദ്വേഷ പ്രസംഗത്തിനും തെറ്റായ വിവരങ്ങൾക്കും എതിരായ നിയമങ്ങൾ പാലിക്കണമെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷണർ തിയറി ബ്രെറ്റൺ മസ്കിനോട് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെ വിദ്വേഷ പ്രചരണം ശക്തമായ സാഹചര്യത്തിലാണ് നിർദേശം.
വിദ്വേഷ പ്രസംഗങ്ങളും മറ്റ് ദോഷകരമായ ഉള്ളടക്കങ്ങളും നിയന്ത്രിക്കുന്നതിൽ ട്വിറ്റർ പുരോഗതി കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം മസ്കിനോട് പറഞ്ഞു. യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ സേവന നിയമങ്ങളെ കുറിച്ച് വിശദീകരിക്കാനും ട്വിറ്ററിന്റെ നിലപാടറിയാനും യൂറോപ്യൻ തിയറി ബ്രെറ്റൺ ഇലോൺ മസ്കുമായി നടത്തിയ വീഡിയോ കോളിലാണ് കർശന നിർദേശം നൽകിയത്.
27 രാഷ്ട്രങ്ങളിൽ ഉടനീളമുള്ള വിശ്വാസവും സുരക്ഷാ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാനായി ട്വിറ്റർ സ്വീകരിക്കുന്ന രീതികളേയും സംവിധാനങ്ങളേയും കുറിച്ച് താൻ ജാഗ്രതയുള്ളവനാണെന്ന് മസ്‌കിനോട് അദ്ദേഹം പറഞ്ഞു. "ഡിജിറ്റൽ സേവന നിയമം പൂർണമായി പാലിക്കുന്ന അവസ്ഥയിലേക്ക് പുരോഗതിയുണ്ടാവണം. ഞാനും എന്റെ ടീമും ട്വിറ്ററിന്റേയും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെയും പ്രവർത്തനങ്ങൾ സൂക്ഷ്മമായി വിലയിരുത്തും"- അദ്ദേഹം പറഞ്ഞു.
ഇതിനു പിന്നാലെ, കൂടിക്കാഴ്ച സ്ഥിരീകരിച്ച് മസ്ക് രംഗത്തെത്തി. ''യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ സേവന നിയമം സംബന്ധിച്ച് ബ്രെറ്റണുമായി നല്ലൊരു കൂടിക്കാഴ്ച നടത്തി. സുതാര്യത, ഉത്തരവാദിത്തം, വിവരങ്ങളുടെ കൃത്യത എന്നിവയൊക്കെ അതിൽ ചർച്ച ചെയ്തു''- മസ്ക് ട്വീറ്റ് ചെയ്തു.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെയും സോഷ്യൽ മീഡിയ കമ്പനികളുടെയും അധികാരം നിയന്ത്രിക്കാനും വിഷലിപ്തമായ ഉള്ളടക്കം നീക്കം ചെയ്യാനും ലക്ഷ്യമിട്ടുള്ള യൂറോപ്യൻ യൂണിയൻ ഡിജിറ്റൽ നിയമങ്ങളുടെ ഭാഗമാണ് ഡിജിറ്റൽ സേവന നിയമം. നിയമ ലംഘനങ്ങൾ ഒരു കമ്പനിയുടെ വാർഷിക ആഗോള വരുമാനത്തിന്റെ ആറ് ശതമാനം വരെ പിഴയായി ഈടാക്കപ്പെടാനും യൂറോപ്യൻ യൂണിയനിൽ വിലക്കിനും വരെ കാരണമായേക്കാം.