ഇനി 'കിളി' ഇല്ല; ട്വിറ്ററിൽ പുതിയ ലോഗോ 'എക്സ്'
|ട്വിറ്ററിനെ ഏറ്റെടുത്ത 2022 ലാണ് X എന്ന പേരില്‍ എല്ലാ സേവന സൗകര്യങ്ങളും ലഭ്യമാകുന്ന ഒരു 'എവരിതിങ് ആപ്പ്' ഒരുക്കാനുള്ള പദ്ധതി മസ്‌ക് പ്രഖ്യാപിച്ചത്.
അങ്ങനെ ട്വിറ്റര്‍ അടിമുടി മാറി. പേരും ലോഗോയുമടക്കം ട്വിറ്ററിനെ മാറ്റി ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ ആരംഭ കാലം മുതല്‍ തന്നെ പ്ലാറ്റ്‌ഫോമിന്റെ മുഖമുദ്രയാണ് നീല നിറത്തിലുള്ള കിളിയുടെ ചിഹ്നം. എന്നാല്‍ ഇനി മുതല്‍ കിളിക്ക് പകരം എക്സ് (X) എന്ന ലോഗോ ആണ് ട്വിറ്ററിനുണ്ടാവുക. ട്വിറ്ററിനെ ഏറ്റെടുത്ത 2022 ലാണ് X എന്ന പേരില്‍ എല്ലാ സേവന സൗകര്യങ്ങളും ലഭ്യമാകുന്ന ഒരു 'എവരിതിങ് ആപ്പ്' ഒരുക്കാനുള്ള പദ്ധതി മസ്‌ക് പ്രഖ്യാപിച്ചത്.
ചൈനയിലെ വി ചാറ്റ് പോലെ ട്വിറ്ററിനേയും ഒരു സൂപ്പര്‍ ആപ്പാക്കി മാറ്റുകയാണ് മസ്‌കിന്റെ ലക്ഷ്യം. 'വൈകാതെ ട്വിറ്റര്‍ ബ്രാന്‍ഡിനോടും കൂടെ കുരുവികളോടും നമ്മള്‍ വിടപറയും' എന്ന് പറഞ്ഞു കൊണ്ടാണ് കഴിഞ്ഞ ദിവസം മസ്‌ക് ട്വീറ്റ് ചെയ്തത്.
2023 ഏപ്രിലില്‍ ട്വിറ്ററിന്റെ ലോഗോ മാറ്റി ഡോജ്‌കോയിന്‍ എന്ന ക്രിപ്‌റ്റോ കറന്‍സിയുടെ ലോഗോ സ്ഥാപിച്ച് മസ്‌ക് ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം പഴയ ലോഗോ തന്നെ പുനഃസ്ഥാപിച്ചു. ജൂലായ് 23 ഞായറാഴ്ചയാണ് ഇലോണ്‍ മസ്‌ക് എക്സ് എന്ന പുതിയ പ്ലാറ്റ്‌ഫോമിന്റെ ലോഗോ പുറത്തുവിട്ടത്. എക്‌സ് എന്ന ലോഗോ ആണ് മസ്‌കിന്റെ ട്വിറ്ററിലെ പ്രൊഫൈല്‍ ചിത്രം.
ട്വിറ്ററിനെ റീബ്രാന്റ് ചെയ്യുന്ന വിവരം കമ്പനി സിഇഒ ലിന്‍ഡ യക്കരിനോയും സ്ഥിരീകരിച്ചു. 'നമ്മുടെ ആശയവിനിമയത്തില്‍ വലിയ മാറ്റമാണ് ട്വിറ്റര്‍ കൊണ്ടുവന്നത്. എക്‌സ് അത് മുന്നോട്ടു കൊണ്ടുപോകും' എന്നാണ് ലിന്‍ഡ ട്വീറ്റ് ചെയ്തത്. എഐ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഓഡിയോ, വീഡിയോ, പണമിടപാട്, ബാങ്കിങ് എന്നീ സൗകര്യങ്ങളും വിവിധ ആശയങ്ങള്‍ക്കും, സാധന സേവനങ്ങള്‍ക്കും അവസരങ്ങള്‍ക്കുമുള്ള ഒരു ആഗോള വിപണിയായിരിക്കും എക്സ് എന്നും ലിന്‍ഡ പറയുന്നു.