വടക്കൻ അയർലൻഡിൽ രണ്ട് മലയാളി വിദ്യാർഥികൾ മുങ്ങിമരിച്ചു
|കോട്ടയം എരുമേലി സ്വദേശിയും ലണ്ടൻഡെറിയിൽ സ്ഥിരതാമസക്കാരനുമായ സെബാസ്റ്റിയൻ ജോസഫ്-വിജി ദമ്പതികളുടെ മകൻ സെബാസ്റ്റ്യൻ (ജോപ്പു 16), കണ്ണൂർ പയ്യാവൂർ സ്വദേശി ജോഷി സൈമണിന്റെ മകൻ റുവാൻ ജോ സൈമൺ (16) എന്നിവരാണ് മരിച്ചത്
ലണ്ടൻ: വടക്കൻ അയർലൻഡിൽ രണ്ട് മലയാളി വിദ്യാർഥികൾ മുങ്ങിമരിച്ചു. കോട്ടയം എരുമേലി സ്വദേശിയും ലണ്ടൻഡെറിയിൽ സ്ഥിരതാമസക്കാരനുമായ സെബാസ്റ്റിയൻ ജോസഫ്-വിജി ദമ്പതികളുടെ മകൻ സെബാസ്റ്റ്യൻ (ജോപ്പു 16), കണ്ണൂർ പയ്യാവൂർ സ്വദേശി ജോഷി സൈമണിന്റെ മകൻ റുവാൻ ജോ സൈമൺ (16) എന്നിവരാണ് മരിച്ചത്. ഇരുവരും സെന്റ് കൊളംബസ് ബോയ്‌സ് കോളജ് വിദ്യാർഥികളാണ്.
സൈക്ലിങ്ങിനിടെ തടാകത്തിലെ വെള്ളത്തിലിറങ്ങിയപ്പോൾ മുങ്ങിയ റുവാനെ രക്ഷിക്കാനാണ് ജോസഫ് അപകടത്തിൽപ്പെട്ടത്. വെള്ളത്തിനടിയിലെ ചെളിയിൽ ആണ്ടുപോയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക വിലയിരുത്തൽ. തിരച്ചിലിൽ ആദ്യം കണ്ടെടുത്തത് റുവാന്റെ മൃതദേഹമാണ്. ഏറെ നേരത്തേ ശ്രമഫലമായാണ് ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. റുവാനെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
തിങ്കളാഴ്ച വൈകീട്ട് വടക്കൻ അയർലൻഡിലെ ലണ്ടൻ ഡെറിയിലെ ഇനാഗ് ലോഫിലേക്ക് സൈക്ലിങ്ങിനായി പോയ എട്ടംഗ സംഘത്തിലുണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. 6.30ന് തടാകത്തിൽ നിന്ന് അപായ മണി മുഴങ്ങുന്നതു കേട്ടാണ് ആളുകൾ കൂട്ടമായി തടാകക്കരയിലെത്തിയത്. വിവരമറിഞ്ഞയുടൻ ആംബുലൻസുമായി മുങ്ങൽവിദഗ്ധരും പാരാമെഡിക്കൽ സംഘങ്ങളും സ്ഥലത്തെത്തി. സംഘത്തിലെ മറ്റുള്ളവർക്ക് കാര്യമായ പരിക്കൊന്നുമില്ല.