തുർക്കി ഭൂകമ്പത്തിന് 128 മണിക്കൂറിന് ശേഷം രണ്ടുമാസം പ്രായമായ കുഞ്ഞിനെ രക്ഷപ്പെടുത്തി
|കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ വൻ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.
ഇസ്തംബുൾ: തുർക്കിയിൽ ഭൂകമ്പമുണ്ടായി 128 മണിക്കൂറിന് ശേഷം രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി. ഭൂകമ്പം സർവനാശം വിതച്ച ഹതായിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽനിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇത് കൂടാതെ രണ്ട് വയസുള്ള പെൺകുട്ടിയും ആറുമാസം ഗർഭിണിയായ സ്ത്രിയും ഭൂകമ്പത്തിന് അഞ്ച് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയവരിൽ ഉൾപ്പെടുന്നെന്ന് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ വൻ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. 29,000 പേർ മരിച്ചതായാണ് അവസാനം വരുന്ന റിപ്പോർട്ടുകൾ. കടുത്ത തണുപ്പും പട്ടിണിയും മൂലം മരണനിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന.
ഈ നൂറ്റാണ്ടിൽ ലോകത്തുണ്ടായ ഏറ്റവും മാരകമായ ഏഴാമത്തെ പ്രകൃതിദുരന്തമായാണ് തുർക്കി ഭൂകമ്പത്തെ കണക്കാക്കുന്നത്. ഭൂകമ്പബാധിത മേഖലകളിൽനിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്യാൻ നൂറുകണക്കിന് ആളുകളാണ് വിമാനത്താവളങ്ങളിൽ എത്തുന്നത്. ഇവർക്ക് തുർക്കി എയർലൈൻസും പെഗാസസ് എയർലൈൻസും സൗജന്യ ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
Big miracle after 128 hours, a 2 month old baby was rescued from the earthquake rubble in Turkey. Hoping it makes a quick recovery. pic.twitter.com/JwAzDKChNV
— Anjali B. (@MsAnjaliB) February 12, 2023