'സ്വന്തം ജീവൻ മറന്ന് നവജാത ശിശുക്കളെ ചേർത്തുപിടിച്ച കാവൽ മാലാഖമാർ'; ലോകഹൃദയം കീഴടക്കി ഈ രണ്ടു നഴ്‌സുമാർ
|തുർക്കിയിലെ രാഷ്ട്രീയ പ്രവർത്തകയായ ഫാത്മ സാഹിൻ ആണ് ആശുപത്രിയിലെ സിസിടിവി ദൃശ്യം ട്വറ്ററിൽ പങ്കുവെച്ചത്
അങ്കാറ: ഒരു രാത്രികൊണ്ടാണ് തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്ക് എല്ലാം നഷ്ടമായത്. നോവുന്ന കാഴ്ചകളും വാർത്തകളുമാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ ഭൂകമ്പം സംഹാരതാണ്ഡവമാടിയ സിറിയയിൽ നിന്നും തുർക്കിയിൽ നിന്നും വരുന്നത്. ഭൂകമ്പത്തിൽ നിന്ന് സ്വന്തം ജീവൻ രക്ഷിക്കാൻ നോക്കാതെ ഒരുപാട് കുരുന്നുകൾക്ക് കാവലായ രണ്ടു നഴ്‌സുമാരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഭൂകമ്പത്തിൽ ആശുപത്രികെട്ടിടം കുലുങ്ങുമ്പോൾ നവജാത ശിശുക്കളെ പരിചരിക്കുന്ന ബേബി ഇൻകുബേറ്റർ റൂമിലേക്ക് ഓടിയെത്തുന്ന രണ്ടു നഴ്‌സുമാരാണ് വീഡിയോയിലുള്ളത്.തുർക്കി ഗാസിയാൻടെപിലെ ഒരു ആശുപത്രിയിലാണ് സംഭവം.
ആശുപത്രി കെട്ടിടം തകരുമോ, തങ്ങൾ അതിനടയിൽപ്പെടുമോ എന്ന ആവലാതിയല്ലായിരുന്നു ഡെവ് ലെറ്റ് നിസാം, ഗാസ്വൽ കാലിസ്‌കൻ എന്നീ നഴ്‌സുമാരുമാരുടെ മുഖത്തുണ്ടായിരുന്നത്. ഭൂമികുലുങ്ങുമ്പോൾ ബേബി ഇൻകുബേറ്ററുകൾ താഴെ വീഴുന്നതിനെക്കുറിച്ചായിരുന്നു അവരുടെ ആശങ്കമുഴുവനും. നവജാത ശിശു സംരക്ഷണ യൂണിറ്റിലേക്ക് ഓടിക്കയറിയ ഇരുവരും ബേബി ഇൻകുബേറ്ററുകൾ മുറുകെ പിടിച്ചു. ഭൂമി കുലുക്കം അവസാനിക്കുന്നത് വരെ അവർ ആ കുഞ്ഞുങ്ങൾക്ക് വേണ്ടി ആ മുറിയിൽ തുടരുന്നതും വീഡിയോയിലുണ്ട്.
തുർക്കിയിലെ രാഷ്ട്രീയ പ്രവർത്തകയായ ഫാത്മ സാഹിൻ ആണ് ആശുപത്രിയിലെ സിസിടിവി ദൃശ്യം ട്വറ്ററിൽ പങ്കുവെച്ചത്.നിമിഷ നേരം കൊണ്ട് വീഡിയോ വൈറലായി. അവരാണ് യഥാർഥ ഹീറോസ് എന്നാണ് ഒരാൾ വീഡിയോയിൽ കമന്റ് ചെയ്തത്.മനുഷ്യത്വം നശിച്ചുപോയെന്ന് ചിലപ്പോഴൊക്കെ നിരാശ തോന്നിയേക്കാം..എന്നാൽ ഇത്തരം വീഡിയോകൾ ആ നിരാശ ഇല്ലാതാക്കും..മറ്റൊരാൾ കമന്റ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മരണം 33,000 പിന്നിട്ടു. തുർക്കിയിൽ 29,605 പേരും സിറിയയിൽ 3,576 പേരുമാണ് മരിച്ചത്. സിറിയയിൽ കൂടുതൽ പേർ മരിച്ചത് വിമത പ്രദേശമായ ഇദ്‌ലിബിലാണ്. മരണസംഖ്യ ഇനിയുമേറെ ഉയരുമെന്ന് വിമത പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയ വൈറ്റ് ഹെൽമറ്റ്‌സ് ആശങ്ക പ്രകടിപ്പിച്ചു. തുർക്കിയിൽ കൊല്ലപ്പെട്ട 1,100 അഭയാർഥികളുടെ മൃതദേഹങ്ങൾ സിറിയക്ക് കൈമാറി. 1939ന് ശേഷം തുർക്കിയിൽ ഉണ്ടായ ഏറ്റവും വലിയ ഭൂചലനമാണിത്.