World
യുദ്ധം ഒന്നിനും പരിഹാരമല്ല: യുക്രൈന്‍ അധിനിവേശത്തിനെതിരെ റഷ്യയിലെ അതിസമ്പന്നര്‍
World

'യുദ്ധം ഒന്നിനും പരിഹാരമല്ല': യുക്രൈന്‍ അധിനിവേശത്തിനെതിരെ റഷ്യയിലെ അതിസമ്പന്നര്‍

Web Desk
|
28 Feb 2022 7:29 AM GMT

മിഖായേൽ ഫ്രൈഡ്മാനും ഒലേ​ഗ് ഡെറിപ്സകയുമാണ് റഷ്യക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയത്

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ രൂക്ഷ വിമർശനവുമായി റഷ്യയിലെ അതിസമ്പന്നർ. മിഖായേൽ ഫ്രൈഡ്മാനും ഒലേ​ഗ് ഡെറിപ്സകയുമാണ് റഷ്യക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയത്.

റഷ്യയിലെ ഏറ്റവും വലിയ പ്രൈവറ്റ് ബാങ്ക് ചെയിന്റെ ഉടമസ്ഥനാണ് മിഖായേൽ ഫ്രൈഡ്മാന്‍. ലൈറ്റർ വണ്ണിന്റെയും ആൽഫ വണ്ണിന്റെയും സ്ഥാപകനാണ് അദ്ദേഹം. യുക്രൈനില്‍ ജനിച്ച ഫ്രൈഡ്മാൻ തന്റെ ജീവനക്കാർക്ക് എഴുതിയ കത്തിലാണ് രക്തച്ചൊരിച്ചിൽ ഒഴിവാക്കണമെന്ന നിലപാട് വ്യക്തമാക്കിയത്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു.

"റഷ്യന്‍ പൌരനായാണ് ജീവിതത്തിലെ വലിയൊരു കാലം ഞാന്‍ ചെലവഴിച്ചത്. എന്‍റെ ബിസിനസ് വളർന്നതും ഇവിടെ തന്നെ. യുക്രൈൻ ജനതയോടും റഷ്യൻ ജനതയോടും എനിക്ക് ആഴത്തിലുള്ള ബന്ധമുണ്ട്. എന്‍റെ മാതാപിതാക്കൾ ഇപ്പോഴും യുക്രൈനിലാണ്. ഇപ്പോഴത്തെ സംഘർഷം ഇരുകൂട്ടർക്കും ബാക്കിയാക്കുന്നത് വലിയൊരു ദുരന്തമാണ്"- ഫ്രൈഡ്മാൻ വ്യക്തമാക്കി. ഫോര്‍ബ്സിന്‍റെ ലിസ്റ്റ് പ്രകാരം 2021ലെ ലോകത്തെ അതിസമ്പന്നന്മാരുടെ ലിസ്റ്റില്‍ 128ആം സ്ഥാനത്താണ് ഫ്രൈഡ്മാൻ.

എത്രയും പെട്ടെന്ന് സമാധാന ചര്‍ച്ച ആരംഭിക്കണമെന്ന് ഒലേ​ഗ് ഡെറിപ്സക ആവശ്യപ്പെട്ടു. റുസല്‍ അലുമിനിയത്തിന്‍റെയും ഇഎൻ പ്ലസ് ​ഗ്രൂപ്പിന്‍റെയും ഉടമയാണ് ഒലേ​ഗ് ഡെറിപ്സക. സമാധാനം വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. റഷ്യൻ സർക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് യു.എസ് 2018ല്‍ ഉപരോധം ഏർപ്പെടുത്തിയ വ്യവസായിയാണ് ഒലേ​ഗ്.

"റഷ്യയിലും യുക്രൈനിലുമുള്ള എന്‍റെ ആയിരക്കണക്കിന് ജീവനക്കാരോട് ഉത്തരവാദിത്വമുള്ള വ്യവസായിയാണ് ഞാൻ. യുദ്ധം ഒരിക്കലും പരിഹാരമാകില്ലെന്ന് എനിക്ക് ബോധ്യമുണ്ട്. നൂറുകണക്കിന് വർഷങ്ങളായി സഹോദരങ്ങളായി കഴിയുന്ന ഇരു രാജ്യങ്ങളിലുമുള്ള പൌരന്മാര്‍ക്ക് ജീവൻ നഷ്ടപ്പെടുത്തുകയും നാശമുണ്ടാക്കുകയും ചെയ്യും. പരിഹാരം ഭയപ്പെടുത്തുന്ന രീതിയിൽ വിദൂരമാണെന്ന് തോന്നുമെങ്കിലും രക്തച്ചൊരിച്ചിൽ അവസാനിക്കാൻ തീവ്രമായ ആഗ്രഹമുള്ളവരുടെ കൂടെ ചേരാനേ എനിക്ക് കഴിയൂ"- ഒലേ​ഗ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യയിലെ സാമൂഹിക സാംസ്കാരിക രംഗത്തുള്ളവര്‍ ചേര്‍ന്ന് രൂപീകരിച്ച കൂട്ടായ്മയില്‍ ഫ്രൈഡ്മാനും ഒലേഗും അംഗങ്ങളാണ്.

Related Tags :
Similar Posts