ഗസ്സയിൽ വെടിനിർത്തലും ചരക്ക് നീക്കവും ഉടൻ വേണം; നീക്കം ശക്തമാക്കി ഐക്യരാഷ്ട്ര സഭയും അറബ് രാജ്യങ്ങളും
|അടിയന്തര വെടിനിർത്തൽ വേണമെന്നും സഹായം എത്തിക്കാൻ ഉടൻ നടപടി ഉണ്ടാകണമെന്നും റിയാദിൽ ആരംഭിച്ച ജി.സി.സി - ആസിയാൻ ഉച്ചകോടിയും നിർദേശിച്ചു
അടിയന്തര വെടിനിർത്തലിനും ഗസ്സയിലേക്ക് നിരുപാധികമായി ഉൽപന്നങ്ങൾ എത്തിക്കാനും നയതന്ത്രനീക്കം ശക്തമാക്കി ഐക്യരാഷ്ട്ര സഭയും അറബ് - മുസ്‌ലിം രാജ്യങ്ങളും. ഗസ്സയിൽ നിരുപാധികം സഹായ വസ്തുക്കൾ എത്തിക്കാൻ അനുമതി നൽകണമെന്ന് ഈജിപ്തിലെത്തിയ യു.എൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. പരമാവധി സഹായം ഗസ്സക്ക് കൈമാറേണ്ട നിർണായക ഘട്ടമാണെന്നും ലോക രാജ്യങ്ങൾക്ക് യു.എൻ സെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകി. അടിയന്തര വെടിനിർത്തൽ പ്രാബല്യത്തിൽ വരാതെ യു.എൻ ഏജൻസികൾക്ക് സഹായവിതരണം അസാധ്യമാകുമെന്നും ഗുട്ടറസ് അറിയിച്ചു. അടിയന്തര വെടിനിർത്തൽ വേണമെന്നും സഹായം എത്തിക്കാൻ ഉടൻ നടപടി ഉണ്ടാകണമെന്നും റിയാദിൽ ആരംഭിച്ച ജി.സി.സി - ആസിയാൻ ഉച്ചകോടിയും നിർദേശിച്ചു. ഗസ്സയിലേക്ക് സഹായം വൈകരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ആവശ്യപ്പെട്ടു. ഇസ്രായേലിനു മേൽ സാധ്യമായ സമ്മർദം ചെലുത്താമെന്ന് ഋഷി സുനക് സൗദി, ഖത്തർ നേതാക്കൾക്ക് ഉറപ്പു നൽകി.
മാനുഷിക ദുരന്തത്തിൽ നിന്ന് ഗസ്സയെ രക്ഷിക്കാൻ കൂടുതൽ ശക്തമായ നടപടികൾ അന്തർദേശീയ സമൂഹത്തിൽ നിന്ന് ഉണ്ടാകണമെന്ന് ലോകാരോഗ്യ സംഘടനയും യു.എൻ ഏജൻസികളും ആവശ്യപ്പെട്ടു. ലബനാൻ അതിർത്തിയിൽ നിന്ന് പതിനായിരങ്ങളെ മാറ്റുന്ന ഇസ്രായേൽ നീക്കം, പുതിയ യുദ്ധമുഖം തുറക്കുമെന്ന ആശങ്ക ശക്തമാക്കുന്നുണ്ട്. പശ്ചിമേഷ്യയിൽ അമേരിക്കയും സുരക്ഷാ നടപടികൾ അധികരിപ്പിച്ചിട്ടുണ്ട്. ഇറാഖ്, സിറിയ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം സൈനിക ക്യാമ്പുകളെ ലക്ഷ്യമിട്ട് റോക്കറ്റാക്രമണം നടന്നതും സുരക്ഷ വർധിപ്പിക്കാൻ പ്രേരണയായെന്ന് യു.എസ് സെൻട്രൽ കമാൻറ് വ്യക്തമാക്കി. നിലവിലെ സാഹചര്യം മുതലെടുത്ത് സംഘർഷത്തിന് തുനിഞ്ഞാൽ മറുപടി പരുക്കനായിരിക്കുമെന്ന് യു.എസ് വിദേശകാര്യ വകുപ്പും മുന്നറിയിപ്പ് നൽകി. ഫലസ്തീന് നോർവെ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചു. ഇസ്രായേലിന്റെ ക്രൂരത തടഞ്ഞില്ലെങ്കിൽ മേഖല ഒന്നാകെ യുദ്ധവ്യാപ്തിയിലേക്ക് മാറുമെന്ന ആശങ്ക ശക്തിപ്പെട്ടതോടെ യൂറോപ്യൻ രാജ്യങ്ങളും നിലപാട് പുനഃപരിശോധിച്ചേക്കും.
ഗസ്സയിൽ അടിയന്തിര വെടിനിർത്തൽ വേണം: ശൈഖ് മുഹമ്മദ്
ഗസ്സ യുദ്ധത്തിന് അടിയന്തിര വെടിനിർത്തൽ വേണമെന്നും ഇസ്രയേൽ-ഫലസ്തീൻ ശതുത്ര അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ. റിയാദിൽ ആരംഭിച്ച ജി.സി.സി-ആസിയാൻ രാജ്യങ്ങളുടെ ഉച്ചകോടിയിൽ സംസാരിക്കവെയാണ് ഇക്കാര്യം അദ്ദേഹം ആവശ്യപ്പെട്ടത്. മേഖല വലിയ സംഘർഷത്തെ അഭിമുഖീകരിക്കുന്ന സമയത്താണ് ഈ ഒത്തുചേരലെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഗസ്സയിൽ മരണസംഖ്യയും മാനുഷികമായ ദുരന്തവും വർധിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളെ സംരക്ഷിക്കുന്നതിനും മാനുഷിക സഹായം എത്തിക്കുന്നതിനുമാണ് മുൻഗണന നൽകേണ്ടത്. മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് യോജിച്ച നീക്കം അനിവാര്യമാണ് -അദ്ദേഹം വ്യക്തമാക്കി.
രണ്ട് അന്താരാഷ്ട്ര കൂട്ടായ്മകളായ ജി.സി.സിയെയും ആസിയാനെയും ഒരുമിച്ചുകൊണ്ടുവന്നതിൽ സൗദി നേതൃത്വത്തെ അദ്ദേഹം അഭിനനന്ദിച്ചു. ഇരു മേഖലകളിലെയും രാജ്യങ്ങൾ തമ്മിൽ സഹകരണത്തിന്റെ പുതിയ അധ്യായം ആരംഭിക്കുന്നതാണ് ഉച്ചകോടിയെന്ന് അദ്ദേഹം പിന്നീട് സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു. വികസന സംബന്ധമായ മേഖലകളിൽ കൂടുതൽ സഹകരണം ശക്തിപ്പെടുത്തുകയും ഇരുകൂട്ടർക്കും താൽപര്യമുള്ള വിവിധ മേഖലകളിൽ പുതിയ അവസരങ്ങൾ തുറക്കുകയുമാണ് ഉച്ചകോടിയിലൂടെ ലക്ഷ്യം വെക്കുന്നത്.
അടുത്ത മാസം യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടി സംബന്ധിച്ചും ശൈഖ് മുഹമ്മദ് ബിൻ സായിദ് ഉച്ചകോടിയിൽ ചൂണ്ടിക്കാട്ടി. റിയാദിലെത്തിയ ശൈഖ് മുഹമ്മദിനെ വിമാനത്താവളത്തിൽ നേരിട്ടെത്തി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ സ്വീകരിക്കുകയായിരുന്നു. യു.എ.ഇ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സന്ദർശനത്തിൽ പ്രസിഡൻറിനെ അനുഗമിക്കുന്നുണ്ട്.
അതേസമയം, ഗസ്സയിൽ പ്രതിരോധത്തിന്റെ പേരിൽ നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്നത് ന്യായീകരിക്കാനാകില്ലെന്ന് സൗദി കിരീടാവകാശി ബ്രിട്ടനെ അറിയിച്ചു. റിയാദിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ചർച്ച നടത്തി. ഗസ്സയിലെ സ്ഥിതി ഗതികൾ ഇരുവരും ചർച്ച ചെയ്തതായി സൗദി പ്രസ് ഏജൻസി അറിയിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ഖത്തർ അമീർ കൂടിക്കാഴ്ച നടത്തി
ജിസിസി - ആസിയാൻ ഉച്ചകോടിക്കിടെ റിയാദിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ഖത്തർ അമീർ കൂടിക്കാഴ്ച നടത്തി. സാധാരണക്കാർക്കെതിരെ തുടരുന്ന ആക്രമണങ്ങളിൽ ഇരു നേതാക്കളും ആശങ്ക അറിയച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഫോണിൽ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിയാദിൽ ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഗസ്സയിലേക്കുള്ള മാനുഷിക ഇടനാഴി ഉടൻ തുറന്ന്, ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നും ഉൾപ്പെടെ അവശ്യ വസ്തുക്കൾ ലഭ്യമാക്കണമെന്ന് കൂടിക്കാഴ്ചയിൽ അമീർ ആവശ്യപ്പെട്ടു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ആൽഥാനിയും അമീറിനൊപ്പമുണ്ടായിരുന്നു.
ഉച്ചകോടിയുടെ ഭാഗമായി ആസിയാൻ അംഗരാജ്യങ്ങളുടെ പ്രധാനമന്ത്രിമാരുമായും അമീർ റിയാദിൽ കൂടികാഴ്ച നടത്തി. സിംഗപ്പൂർ പ്രധാനമന്ത്രി ഹിസെന ലൂങ്ങ്, വിയറ്റ്‌നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ എന്നിവരുമായാണ് അമീർ കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സാലേം അൽ-സബാഹ് , ഇറാൻ വിദേശകാര്യ മന്ത്രി ഡോ. ഹുസൈൻ അമീർ അബ്ദുല്ലഹിയാനുമായി കൂടിക്കാഴ്ച നടത്തി. ഫലസ്തീനിലെ നിലവിലെ സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഫലസ്തീൻ വിഷയത്തിൽ ശക്തമായ നിലപാടുകളാണ് ഇരു രാജ്യങ്ങളും സ്വീകരിച്ച് വരുന്നത്.
ഖോർ അബ്ദുല്ല ഉടമ്പടിയെ സംബന്ധിച്ചും കുവൈത്ത്-ഇറാൻ സമുദ്ര അതിർത്തികളുടെ അതിർത്തി നിർണയം അവസാനിപ്പിക്കുന്നതിനെ കുറിച്ചും ഇരുവരും ചർച്ച നടത്തി. ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ഷെയ്ഖ് സാലേം തുർക്കി, പാകിസ്ഥാൻ, ഇന്തോനേഷ്യൻ രാജ്യങ്ങളുടെ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി.
United Nations and Arab and Muslim countries have stepped up diplomacy for an immediate ceasefire and unconditional delivery of goods to Gaza.