![Uganda casts off judge who backed Israel in ICJ Uganda casts off judge who backed Israel in ICJ](https://www.mediaoneonline.com/h-upload/2024/01/27/1408324-untitled-1.webp)
അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിന് പിന്തുണ; വനിതാ ജഡ്ജിനെ തള്ളി ഉഗാണ്ട
![](/images/authorplaceholder.jpg?type=1&v=2)
ഇസ്രായേലിന്റേതായി ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ വംശഹത്യ ലക്ഷ്യം വച്ചുള്ളതല്ലെന്നായിരുന്നു ജൂലിയയുടെ വാദം
കംപാല: അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച വനിതാ ജഡ്ജിനെ തള്ളി ഉഗാണ്ട. ഐസിജെയുടെ 17 അംഗ ജഡ്ജിംഗ് പാനലിൽ അംഗമായ ആഫ്രിക്കൻ വംശജ ജഡ്ജി ജൂലിയ സെബൂടിൻഡെയെ ആണ് ഉഗാണ്ട തള്ളിയത്. ജൂലിയ ഉഗാണ്ടയെ പ്രതിനിധീകരിക്കുന്നില്ലെന്നും അവരുടെ അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരമാണെന്നും യുഎന്നിൽ ഉഗാണ്ടയുടെ സ്ഥിരം പ്രതിനിധിയായ അഡോണിയ അയെബേർ എക്‌സിൽ കുറിച്ചു.
"ഐസിജെ ജഡ്ജിയായ ജസ്റ്റിസ് സെബൂടിൻഡെ ഫലസ്തീൻ വിഷയത്തിൽ ഉഗാണ്ടയെ പ്രതിനിധീകരിക്കുന്നില്ല. യുഎന്നിലെ വോട്ടെടുപ്പിലൂടെ തന്നെ ഫലസ്തീൻ ജനതയ്ക്കുള്ള ദക്ഷിണാഫ്രിക്കയുടെ പിന്തുണ വ്യക്തമായതാണ്". അഡോണിയ കുറിപ്പിൽ വ്യക്തിമാക്കി.
ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നുവെന്ന് കാട്ടി ഡിസംബറിലാണ് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഇന്നലെ കേസിൽ കോടതി വിധിയും പ്രഖ്യാപിച്ചു. ഗസ്സയിൽ വംശഹത്യ തടയാൻ ഇസ്രായേൽ നടപടികൾ സ്വീകരിക്കണമെന്നും ഗസ്സയ്ക്ക് ആവശ്യമായ മാനുഷികസഹായം നൽകാൻ ഇസ്രായേൽ സാധ്യമായതെല്ലാം ചെയ്യണമെന്നതുമടക്കം ആറ് നിബന്ധനകളാണ് കോടതി ഇസ്രായേലിന് മുന്നിൽ വെച്ചത്. ജൂലിയ ഒഴികെ ബാക്കിയെല്ലാവരും ഈ വിധിയെ അനുകൂലിച്ച് വോട്ടിട്ടു. പിന്നാലെ കോടതി ഇസ്രായേലിനെതിരായി ഇടക്കാല വിധി പുറപ്പെടുവിക്കുകയായിരുന്നു.
ഇസ്രായേലിന്റേതായി ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ വംശഹത്യ ലക്ഷ്യം വച്ചുള്ളതല്ലെന്നായിരുന്നു കോടതിയിൽ ജൂലിയയുടെ വാദം. ഇസ്രായേൽ-ഫലസ്തീൻ വിഷയം തികച്ചും രാഷ്ട്രീയപരമാണെന്നും നിയമപരമായി അതിനെ നേരിടാൻ കഴിയില്ലെന്നും ജൂലിയ കോടതിയിൽ പറഞ്ഞിരുന്നു.
ഇസ്രായേലിനെ പിന്തുണച്ചുള്ള ജൂലിയയുടെ നിലപാടുകൾ ആഫ്രിക്കയ്ക്കാകെ അപമാനകരമാണെന്നാണ് ട്വിറ്ററിലടക്കം ഉയരുന്ന ആക്ഷേപം. ജൂലിയ ഒരിക്കലും തങ്ങളെ പ്രതിനിധീകരിക്കില്ലെന്നും ജൂലിയ ഇസ്രായേലിന്റെ പെയ്ഡ് ഏജന്റ് ആണെന്നുമൊക്കെയാണ് വിമർശനങ്ങൾ.
"ജൂലിയയുടെ നിലപാടുകൾ ഞങ്ങളുടെ രാജ്യത്തിന് തന്നെ അപമാനവും മനുഷ്യവംശത്തിന് തന്നെ അവമതിപ്പുണ്ടാക്കുകയും ചെയ്യുന്നു. ദക്ഷിണാഫ്രിക്കയ്ക്കയുടെ ഹരജിക്കെതിരായി മാത്രമല്ല, ധാർമികതയ്ക്കും സ്വാതന്ത്ര്യത്തിനും നീതിക്കും സ്‌നേഹത്തിലും സഹാനുഭൂതിക്കുമൊക്കെ എതിരാണ് ജൂലിയയുടെ വോട്ട്"- എന്നായിരുന്നു ഒരു എക്‌സ് യൂസറുടെ കുറിപ്പ്.