റഷ്യയെ തഴഞ്ഞ് ഉഗാണ്ട; യുദ്ധവിമാനങ്ങൾ റിപ്പയർ ചെയ്യുക ഇനി ഇന്ത്യയിൽ
|2011-ൽ വാങ്ങിയ ഈ വിമാനങ്ങളുടെ റിപ്പയർ ഇതുവരെ റഷ്യയിലാണ് നടത്തിയിരുന്നത്
ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയുടെ യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ ഇന്ത്യയിൽ നടത്താൻ ധാരണയായി. റഷ്യൻ നിർമിത സുഖോയ് സു 30 യുദ്ധവിമാനങ്ങളാണ് ഇന്ത്യയിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എൽ) റിപ്പയർ ചെയ്യുക. ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പുവെച്ചതായി ഉഗാണ്ടൻ വാർത്താമാധ്യമമായ ദി ഇൻഡിപെന്റന്റ് റിപ്പോർട്ട് ചെയ്തു.
2011-ലാണ് റഷ്യയിൽ നിന്ന് സു 30 എം.കെ 2 ഗണത്തിൽപ്പെട്ട ആറ് വിമാനങ്ങൾ ഉഗാണ്ട റഷ്യയിൽ നിന്ന് വാങ്ങിയത്. ഇതുവരെ ഈ വിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തിയിരുന്നത് റഷ്യയിലായിരുന്നു. 2012-ലും 2016-ലും ഉണ്ടായ അപകടങ്ങളിലുണ്ടായ വിമാനങ്ങളുടെ കേടുപാടുകൾ തീർത്തത് റഷ്യയിലെ യുനൈറ്റഡ് എയർക്രാഫ്റ്റ് കോർപറേഷന്റെ കീഴിലുള്ള കൊംസോമോൽസ്‌ക് ഓൺ ആമുർ എയർക്രാഫ്റ്റ് പ്ലാന്റിലായിരുന്നു.
സു 30 വിമാനങ്ങൾ നിർമിക്കാനുള്ള ലൈസൻസ് 1995-ൽ എച്ച്.എ.എൽ കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങളിൽ സിംഹഭാഗവും നിർമിക്കുന്നത് ഇവരാണ്. ഈ വൈദഗ്ധ്യമാണ് തങ്ങളുടെ വിമാനങ്ങളുടെ റിപ്പയറിന് ഉഗാണ്ട ഇന്ത്യയെ തെരഞ്ഞെടുക്കാൻ കാരണം എന്നാണ് സൂചന. ഉഗാണ്ടയിലെ പീപ്പിൾഡ്‌സ് ഡിഫൻസ് ഫോഴ്‌സസ് കമാൻഡർ ചാൾസ് ലുതായയും ആഫ്രിക്കൻ രാജ്യത്തെ ഇന്ത്യൻ ഹൈകമ്മീഷണറുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
വിമാനങ്ങളുടെ അറ്റകുറ്റപ്പണി റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റിയതിന്റെ കാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച് ഉഗാണ്ടൻ സൈന്യമോ എച്ച്.എ.എല്ലോ പരസ്യ പ്രസ്താവന നടത്തിയിട്ടില്ല.