മസ്‌ജിദിന് സമീപം രണ്ട് വയോധികരെ തീകൊളുത്തി കൊല്ലാൻ ശ്രമം; യുകെയിൽ ഒരാൾ അറസ്റ്റിൽ
|സെൻട്രൽ ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലെ എഡ്‌ജ്‌ബാസ്റ്റൺ സ്വദേശിയായ മുഹമ്മദ് അബ്‌ക്‌കർ (28) ആണ് അറസ്റ്റിലായത്
ലണ്ടൻ: യുകെയിൽ മസ്‌ജിദിൽ നിന്ന് പുറത്തിറങ്ങിയ രണ്ട് വൃദ്ധരെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ യുകെ പൊലീസ് അറസ്റ്റ് ചെയ്‌തു. സെൻട്രൽ ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലെ എഡ്‌ജ്‌ബാസ്റ്റൺ സ്വദേശിയായ മുഹമ്മദ് അബ്‌ക്‌കർ (28) ആണ് അറസ്റ്റിലായത്. ഇയാളെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകുമെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് അറിയിച്ചു.
ഫെബ്രുവരി 27നാണ് കേസിനാസ്‌പദമായ ആദ്യസംഭവം ഉണ്ടാകുന്നത്. പടിഞ്ഞാറൻ ലണ്ടനിലെ ഒരു മസ്‌ജിദിൽ നിന്ന് പുറത്തിറങ്ങിയ വയോധികനെ തടഞ്ഞുനിർത്തി ഇയാളുമായി യുവാവ് വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് വയോധികന് മേൽ പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. മുഖത്തും കൈകളിലും ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 82കാരൻ പിന്നീട് മരിച്ചു.
കഴിഞ്ഞ തിങ്കളാഴ്‌ച ബർമിംഗ്ഹാമിലും സമാന സംഭവമുണ്ടായി. ഈ കൊലപാതകവും ഒരു മസ്‍ജിദിന് സമീപമാണ് നടന്നത്. 70കാരനായ മുഹമ്മദ് റയാസാണ് അബ്‌ക്‌കറിന്റെ ക്രൂരതക്ക് ഇരയായത്. ഇദ്ദേഹം സാരമായ പരിക്കുകളോടെ ആശുപത്രിയിൽ തുടരുകയാണ്.
വയോധികരുമായി പ്രതിക്ക് എന്തെങ്കിലും മുൻവൈരാഗ്യം ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. അബ്‌ക്‌കറിന് തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു.