"പരിസ്ഥിതിയുടെ ശത്രു'; ഋഷി സുനകിന് വിമർശനം, പിന്നാലെ രാജിവെച്ച് യുകെ പരിസ്ഥിതി മന്ത്രി
|കോമൺവെൽത്ത് വിദേശ ടെറിട്ടറികളുടെ സഹമന്ത്രിയും ഊർജം, കാലാവസ്ഥ, പരിസ്ഥിതി വകുപ്പ് മന്ത്രിയും കൂടിയാണ് സാക്ക് ഗോൾഡ്സ്മിത്ത്. ട്വിറ്ററിൽ അദ്ദേഹം രാജിക്കത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്
ലണ്ടൻ: പരിസ്ഥിതി കാര്യങ്ങളിൽ താല്പര്യമില്ലാത്തയാളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് എന്ന് വിമർശിച്ചതിന് പിന്നാലെ ബ്രിട്ടീഷ് അന്താരാഷ്ട്ര പരിസ്ഥിതി മന്ത്രി സാക്ക് ഗോൾഡ്സ്മിത്ത് രാജിവെച്ചു.
"സർക്കാർ പരിസ്ഥിതിയോട് ശത്രുത പുലർത്തുന്നു എന്നതല്ല പ്രശ്നം, അത് ഞങ്ങളുടെ പ്രധാനമന്ത്രിയായ താങ്കൾക്ക് താൽപ്പര്യമില്ലാത്തതാണ്" എന്നായിരുന്നു ഗോൾഡ്സ്മിത്തിന്റെ പ്രസ്താവന. കോമൺവെൽത്ത് വിദേശ ടെറിട്ടറികളുടെ സഹമന്ത്രിയും ഊർജം, കാലാവസ്ഥ, പരിസ്ഥിതി വകുപ്പ് മന്ത്രിയും കൂടിയാണ് സാക്ക് ഗോൾഡ്സ്മിത്ത്.
ട്വിറ്ററിൽ അദ്ദേഹം രാജിക്കത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ബ്രിട്ടൻ ലോക വേദിയിൽ നിന്ന് പുറത്തുകടക്കുകയും കാലാവസ്ഥയെയും പ്രകൃതിയെയും കുറിച്ചുള്ള ഞങ്ങളുടെ നേതൃത്വം പിൻവലിക്കുകയും ചെയ്യുന്നു എന്നാണ് രാജിക്കത്തിലെ ഉള്ളടക്കം.
കാലാവസ്ഥാ പ്രവർത്തനത്തിൽ ബ്രിട്ടന് ആഗോള തലവൻ എന്ന സ്ഥാനം നഷ്ടപ്പെട്ടുവെന്നും ലക്ഷ്യം കൈവരിക്കാൻ വേണ്ടത് ചെയ്യുന്നില്ലെന്നും ഗവൺമെന്റിന്റെ കാലാവസ്ഥാ ഉപദേഷ്ടാക്കൾ ഈ ആഴ്ച ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. സാക്ക് ഗോൾഡ്സ്മിത്തിന്റെ രാജി ഈ റിപ്പോർട്ട് ശരിവെക്കുന്നതാണെന്നും സർക്കാരിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.