ഗോവയിലെ സ്വത്ത് തട്ടിയെടുത്തു; പരാതിയുമായി യു.കെ ആഭ്യന്തര സെക്രട്ടറിയുടെ പിതാവ്
|യുകെ ആഭ്യന്തര സെക്രട്ടറിയും ഇന്ത്യൻ വംശജയുമായ സുവെല്ല ബ്രേവർമാന്റെ പിതാവ് ക്രിസ്റ്റി ഫെർണാണ്ടസാണ് പരാതി നല്‍കിയത്
ഗോവയിലെ തന്‍റെ കുടുംബസ്വത്ത് അജ്ഞാതനായ ഒരാൾ തട്ടിയെടുത്തുവെന്ന് യു.കെ ആഭ്യന്തര സെക്രട്ടറിയുടെ പിതാവിന്റെ പരാതി. യുകെ ആഭ്യന്തര സെക്രട്ടറിയും ഇന്ത്യൻ വംശജയുമായ സുവെല്ല ബ്രേവർമാന്റെ പിതാവ് ക്രിസ്റ്റി ഫെർണാണ്ടസാണ് പരാതി നല്‍കിയത്. ഗോവ പൊലീസിന്‍റെ പ്രത്യേക സംഘം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
ലിസ് ട്രസിന്‍റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിൽ ആഭ്യന്തര സെക്രട്ടറിയാണ് സുവെല്ല ബ്രേവർമാൻ. 13,900 ചതുരശ്ര മീറ്റർ വരുന്ന രണ്ട് വസ്തുവകകള്‍ തട്ടിയെടുക്കപ്പെട്ടു എന്നാണ് പരാതി.
പവർ ഓഫ് അറ്റോർണിയുടെ പേരിൽ അജ്ഞാതനായ ഒരാളാണ് സ്വത്ത് തട്ടിയെടുത്തത്. തന്റെയും മറ്റു കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്താണിതെന്ന് ഫെർണാണ്ടസ് പരാതിയില്‍ വ്യക്തമാക്കി. ജൂലൈ 27ന് മുൻപാണ് തട്ടിയെടുക്കൽ നടന്നതെന്നും വിവരം അറിഞ്ഞത് ആഗസ്തിലാണെന്നും പരാതിയില്‍ പറയുന്നു.
മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഡിജിപി ജസ്പാൽ സിങ്, ഗോവ എൻആർഐ കമ്മിഷണറേറ്റ് എന്നിവർക്ക് ഇമെയിൽ വഴി പരാതി നൽകി. കഴിഞ്ഞയാഴ്ച പരാതി ലഭിച്ചെന്നും അതു ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും ഗോവ എൻആർഐ കമ്മിഷണർ നരേന്ദ്ര സവൈക്കർ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
ഭൂമി കയ്യേറ്റ കേസുകൾ അന്വേഷിക്കാൻ ഈ വർഷം ആദ്യം ഗോവ സർക്കാർ പൊലീസ്, റവന്യൂ, ആർക്കൈവ്സ് ആൻഡ് ആർക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഗോവയില്‍ ഇത്തരം നൂറിലധികം കേസുകൾ എസ്.ഐ.ടി അന്വേഷിക്കുന്നു. ആർക്കൈവ്സ് ആൻഡ് ആർക്കിയോളജി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരടക്കം 15ലധികം പേര്‍ ഇതിനകം അറസ്റ്റിലായി.