World
ഇന്ത്യയില്‍ നിന്ന് കടത്തിയ പുരാവസ്തുക്കള്‍ തിരികെയേല്‍പ്പിച്ച് യുകെ മ്യൂസിയം
World

ഇന്ത്യയില്‍ നിന്ന് കടത്തിയ പുരാവസ്തുക്കള്‍ തിരികെയേല്‍പ്പിച്ച് യുകെ മ്യൂസിയം

Web Desk
|
22 Aug 2022 3:41 PM GMT

1800കളില്‍ ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ നിന്നും മറ്റുമായാണ് വസ്തുക്കളൊക്കെയും കടത്തിക്കൊണ്ടു പോയത്

ഗ്ലാസ്‌ഗോ: കൊളോണിയല്‍ ഭരണകാലത്ത് ഇന്ത്യയില്‍ നിന്ന് കടത്തിക്കൊണ്ടുപോയ പുരാവസ്തുക്കള്‍ തിരികെയേല്‍പ്പിച്ച് യുകെ മ്യൂസിയം. സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോ മ്യൂസിയമാണ് വെള്ളിയാഴ്ച നടന്ന ഔദ്യോഗിക ചടങ്ങില്‍ പുരാവസ്തുക്കള്‍ തിരികെയേല്‍പ്പിച്ചത്.

ഗ്ലാസ്‌ഗോ ലൈഫ് എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ ഏഴോളം വസ്തുക്കള്‍ മ്യൂസിയം തിരികെയേല്‍പ്പിച്ചു.1800കളില്‍ ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ നിന്നും മറ്റുമായാണ് വസ്തുക്കളൊക്കെയും കടത്തിക്കൊണ്ടു പോയത്. സ്വകാര്യ വ്യക്തിയില്‍ നിന്ന് അനധികൃതമായി വാങ്ങിയതാണ് ഒന്ന്. ആയിരത്തോളം വര്‍ഷങ്ങള്‍ പഴക്കമുള്ള പുരാവസ്തുക്കള്‍ കൊല്‍ക്കത്ത, കാന്‍പൂര്‍, ബിഹാര്‍, ഗ്വാളിയാര്‍,ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളതാണെന്നാണ് കരുതപ്പെടുന്നത്.

കല്‍വാതില്‍ ജാമുകളും 14ാം നൂറ്റാണ്ടിലെ കൊത്തുപണികളുമുള്‍പ്പടെ മ്യൂസിയം തിരിച്ചേല്പ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ ഇന്ത്യയില്‍ നിന്നും നൈജീരിയയില്‍ നിന്നും മറ്റുമായി തട്ടിയെടുത്ത 51 പുരാവസ്തുക്കള്‍ കൂടി തിരികെ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഗ്ലാസ്‌ഗോ മ്യൂസിയം.

മ്യൂസിയം തിരികെ നല്‍കിയ പുരാവസ്തുക്കള്‍ നമ്മുടെ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമാണെന്നും ഇവ തിരികെയെത്തിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗ്ലാസ്‌ഗോ ലൈഫ് ഉള്‍പ്പടെ എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും ഇന്ത്യന്‍ ഹൈക്കമ്മിഷണറുടെ ചുമതലയുള്ള സുജിത് ഘോഷ് അറിയിച്ചു.

Similar Posts