‘വംശഹത്യയെ പിന്തുണക്കുന്ന ഇസ്രായേൽ അംബാസഡറെ യു.കെ പുറത്താക്കണം’; നിവേദനത്തിൽ ഒരൊറ്റ ദിവസം ഒപ്പിട്ടത് 80,450 പേർ
|ഒരു ലക്ഷം ഒപ്പുകളുണ്ടെങ്കിൽ ബ്രിട്ടീഷ് പർലമെന്റിൽ വിഷയം ചർച്ചക്കായി പരിഗണിക്കും
ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന ആസൂത്രിത വംശഹത്യയെ പിന്തുണച്ച യു.കെയിലെ ഇസ്രായേൽ അംബാസഡറെ പുറത്താക്കാൻ ആവശ്യപ്പെട്ടുള്ള നിവേദനത്തിൽ ഒരൊറ്റ ദിവസം കൊണ്ട് 80,450 പേർ ഒപ്പിട്ടു. ഇസ്രയേലി അംബാസഡർ ടിസിപി ഹോട്ടോവെലിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് Change.org വഴിയാണ് നിവേദനം തയാറാക്കിയത്.
‘അംബാസഡർ പരസ്യമായി വംശഹത്യയുടെ ഭാഷ ഉപയോഗിക്കുകയും അതിനായി വാദിക്കുകയും ചെയ്യുന്നു. ഗസ്സയിലും വെസ്റ്റ് ബാങ്കിലും വംശീയ ഉന്മൂലനം തുടരുകയാണ്’ -നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ദ്വിരാഷ്ട്ര പരിഹാരം തള്ളിക്കളഞ്ഞ അംബാസഡർ ഭാവി ഫലസ്തീൻ രാഷ്ട്രത്തിന്റെ സാധ്യതയെയും എതിർത്തിരുന്നു. ഇതിനിടെയാണ് ഇവർക്കെതിരെ നിവേദനം തയാറാക്കുന്നത്.
സാധാരണഗതിയിൽ 10,000 ഒപ്പുകളുള്ള നിവേദനത്തിന് ബ്രിട്ടീഷ് പാർലമെന്റിൽനിന്ന് പ്രതികരണം ലഭിക്കും. ഒരു ലക്ഷം ഒപ്പുകളുണ്ടെങ്കിൽ പർലമെന്റിൽ വിഷയം ചർച്ചക്കായി പരിഗണിക്കും.
അതേസമയം, ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ശനിയാഴ്ചയും ലണ്ടനിൽ ഫലസ്തീൻ അനുകൂല പ്രകടനം നടന്നു. പ്രതിഷേധക്കാർ ബ്രിട്ടീഷ് പാർലമെന്റിന് സമീപത്തെ പാലത്തിലേക്കുള്ള പ്രവേശനം തടഞ്ഞു. ഇതോടെ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി.
ഈ വർഷം ആദ്യമായാണ് ലണ്ടനിൽ മാർച്ച് നടക്കുന്നത്. ശനിയാഴ്ച ജർമൻ തലസ്ഥാനമായ ബെർലിനിൽ നടന്ന മാർച്ചിൽ 1500ഓളം പേർ പങ്കെടുത്തു. കഴിഞ്ഞ മാസങ്ങളിൽ ഇസ്രായേലിനെതിരെ വലിയ പ്രതിഷേധങ്ങളാണ് യൂറോപ്യൻ നഗരങ്ങളിൽ അരങ്ങേറിയത്.