18 വയസുവരെ കണക്കു പഠിച്ചേ പറ്റൂ; പുതിയ പ്രഖ്യാപനവുമായി റിഷി സുനക്
|ഈ വർഷത്തെ തന്റെ ആദ്യ പ്രസംഗത്തിലായിരിക്കും പുതിയ ഉത്തരവിനെ കുറിച്ച് പ്രഖ്യാപിക്കുക
ലണ്ടൻ: ഇംഗ്ലണ്ടിൽ 18 വയസുവരെ എല്ലാ വിദ്യാർഥികളും കണക്ക് പഠിക്കണമെന്ന് പ്രധാനമന്ത്രി ഋഷി സുനക്.വിദ്യാഭ്യാസത്തിൽ നിന്നാണ് എനിക്ക് എല്ലാ വിധത്തിലുമുള്ള അവസരങ്ങളും ലഭിച്ചതെന്നും റിഷി സുനക് പറയുന്നു. ഈ വർഷത്തെ തന്റെ ആദ്യ പ്രസംഗത്തിലായിരിക്കും 18 വയസുവരെ ഗണിതം പഠിക്കാനുള്ള ഉത്തരവിനെ കുറിച്ച് പ്രഖ്യാപിക്കുക.
എല്ലാ കുട്ടികൾക്കും സാധ്യമായ ഏറ്റവും ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ നൽകുക എന്നതാണ് തന്റെ ലക്ഷ്യമെന്നും സുനക് പറഞ്ഞു. 'ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായമാണ് നമ്മുടേത്. അതിനോട് തിരിഞ്ഞുനിൽക്കേണ്ട കാര്യമില്ലെന്നും റിഷി സുനക്കിന്റെ പ്രസംഗത്തിൽ പറയുന്നു. പ്രൈമറി സ്‌കൂൾ അക്ഷരാഭ്യാസമുള്ള എട്ട് മില്യൺ കുട്ടികൾ ബിട്ടനിലുണ്ട്. എന്നാൽ 16 മുതൽ 19 വയസ്സ് വരെയുള്ള കുട്ടികളിൽ പകുതി പേർ മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള കണക്കുകൾ പഠിപ്പിക്കുന്നത്. മോശം സാഹചര്യങ്ങളിലുള്ള വിദ്യാർഥികളിൽ 60 ശതമാനം പേർക്കും അടിസ്ഥാന കണക്ക് യോഗ്യതകളില്ലെന്നതാണ് പ്രധാന പ്രശ്‌നമെന്നും പ്രധാമന്ത്രി ചൂണ്ടിക്കാട്ടി.
'ഇന്ന് എല്ലാ ജോലികൾക്കും മുമ്പത്തേക്കാൾ കൂടുതൽ വിശകലന വൈദഗ്ദ്ധ്യം ആവശ്യമാണ്. ആ കഴിവുകളില്ലാതെ ആ ലോകത്തേക്ക് ഇറങ്ങാനാകില്ല. ഡാറ്റയും, കണക്കുകളും ഓരോ തൊഴിലിനെയും നിർവചിക്കുമ്പോൾ ലോകത്ത് കണക്കില്ലാതെ മുന്നോട്ട് പോവാനാവില്ലെന്ന് റിഷിയുടെ പ്രസംഗത്തിൽ പറയുന്നു. അതേസമയം, എ ലെവിലുള്ള ഗണിതം 16 വയസുകാർക്കും നിർബന്ധമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.