മക്ഡൊണാള്‍ഡിന്റെ ഹാപ്പി മീല്സില് സിഗരറ്റ് കുറ്റി; കമ്പനി മാപ്പ് പറയണമെന്ന് യുകെ സ്വദേശിനി
|കഴിഞ്ഞ ഒക്ടോബര്‍ 18ന് യുകെയിലാണ് സംഭവം
ലണ്ടന്‍: ലോകപ്രശസ്ത ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്ഡൊണാള്‍ഡിന്റെ ഹാപ്പി മീല്‍ പായ്ക്കറ്റില്‍ സിഗരറ്റ് കുറ്റി കണ്ടെത്തി. ഫ്രഞ്ച് ഫ്രൈസിനുള്ളിലാണ് പാതി കത്തിയ സിഗരറ്റ് കുറ്റിയും ചാരവും കണ്ടെത്തിയത്.
കഴിഞ്ഞ ഒക്ടോബര്‍ 18ന് യുകെയിലാണ് സംഭവം. ജെമ്മ കിര്‍ക്ക് ബോണര്‍ എന്ന യുവതി ബാരോ-ഇൻ-ഫർനെസിലെ ഒരു മക്ഡൊണാൾഡ് റെസ്റ്റോറന്റില്‍ നിന്നാണ് ഹാപ്പി മീല്‍ വാങ്ങിയത്. വീട്ടിലെത്തിയ ശേഷം ഒരു വയസുകാരനായ കാലേബിനും മൂന്നു വയസുള്ള ജാക്സണും ഭക്ഷണം കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ പായ്ക്കറ്റിനുള്ളില്‍ സിഗരറ്റ് കുറ്റി കണ്ടത്. ഇതിന്റെ ചിത്രം യുവതി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അറിയിക്കാന്‍ റസ്റ്റോറന്റിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ കോള്‍ കട്ട് ചെയ്തെന്നും ജെമ്മ ആരോപിച്ചു. സംഭവത്തില്‍ മക്ഡൊണാള്‍ഡ് കമ്പനി മാപ്പ് പറയണമെന്ന് യുവതി ആവശ്യപ്പെട്ടു.
"ഭക്ഷ്യസുരക്ഷ ഞങ്ങൾക്ക് വളരെ പ്രധാനമാണ്, ഞങ്ങളുടെ ബാരോ-ഇൻ-ഫർനെസ് റെസ്റ്റോറന്റില്‍ ഗുണനിലവാര നിയന്ത്രണത്തിലും ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരം നൽകുന്നതിനും ഞങ്ങൾ വളരെയധികം ഊന്നൽ നൽകുന്നു. ഉപഭോക്തൃ സേവനവുമായി ബന്ധപ്പെടാൻ ഞങ്ങൾ ഉപഭോക്താവിനെ പ്രോത്സാഹിപ്പിക്കും, അതുവഴി ഞങ്ങൾക്ക് ശരിയായി അന്വേഷിച്ച് ഒരു പരിഹാരം കണ്ടെത്താൻ സഹായിക്കും"ഡാൾട്ടൺ റോഡ് റസ്റ്റോറന്റിന്റെ ഫ്രാഞ്ചൈസി മാർക്ക് ബ്ലണ്ടെൽ പറഞ്ഞു.