World
ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു; ബാരലിന്​ 110 ഡോളർ വരെ ഉയർന്നു
World

ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു; ബാരലിന്​ 110 ഡോളർ വരെ ഉയർന്നു

Web Desk
|
2 March 2022 7:32 AM GMT

യുക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ റഷ്യക്കെതിരെ ഉപരോധ നടപടികൾ കടുപ്പിച്ചതാണ്​ പൊടുന്നനെ വില ഉയരാൻ കാരണം

ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. അസംസ്കൃത എണ്ണവില ബാരലിന്​ 110 ഡോളർ വരെ ഉയർന്നു. കരുതൽ എണ്ണശേഖരം പുറത്തെടുക്കാനുള്ള അന്താരാഷ്​ട്ര ഊർജ സമിതി തീരുമാനമൊന്നും പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്​തമായിട്ടില്ല. എണ്ണ ഉൽപാദക രാജ്യങ്ങളുടെ സുപ്രധാന യോഗം ഇന്ന്​ ചേരും.

യുക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ റഷ്യക്കെതിരെ ഉപരോധ നടപടികൾ കടുപ്പിച്ചതാണ്​ പൊടുന്നനെ വില ഉയരാൻ കാരണം. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും റഷ്യയുടെ ഊർജ മേഖലയിലേക്ക്​ കൂടി ഉപരോധം ദീർഘിപ്പിക്കാനുളള നീക്കത്തിലാണ്​. അങ്ങനെ വന്നാൽ എണ്ണവില ബാരലിന്​ 130 ഡോളർ വരെ ഉയർന്നേക്കുമെന്ന ആശങ്കയാണുള്ളത്​. 2014ന്​ ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്കാണ്​ വില കുതിച്ചത്​.

എണ്ണ, പ്രകൃതിവാതക കയറ്റുമതിയിൽ മുന്നിട്ടുനിൽക്കുന്ന റഷ്യക്കെതിരെ ലോകരാജ്യങ്ങൾ രംഗത്തുവന്നതോടെ യൂറോപ്പിൽ ഊർജ കമ്മിയും വർധിച്ചിരിക്കുകയാണ്​. വിലവർധന ചെറുക്കാനും കമ്മി നികത്താനും കരുതൽ ശേഖരത്തിൽ നിന്ന്​ 60 ദശലക്ഷം ബാരൽ എണ്ണ വിപണിയിലിറക്കാൻ അന്താരാഷ്​ട്ര ഊർജ സമിതി തീരുമാനിച്ചിരുന്നു. ഇന്ത്യ ഉൾപ്പെടെ പല ഇറക്കുമതി രാജ്യങ്ങളും ഇത്തരമൊരു നീക്കത്തിനൊപ്പമാണ്​.

എന്നാൽ അതുകൊണ്ടു മാത്രം വിപണിയിൽ വലിയ മാറ്റം കൊണ്ടുവരാനാകില്ല. ഉൽപാദനം ഗണ്യമായി ഉയർത്താൻ സൗദി അറേബ്യ ഉൾപ്പെടെ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങൾക്കു മേൽ സമ്മർദം ശക്​തമാണ്​. ഒപെക്​ നേതൃയോഗം ഇന്ന്​ ചേരാനിരിക്കെ, ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിക്കും എന്നാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​. അതിനിടെ, ഗൾഫ്​ ആഭ്യന്തര വിപണികളിലും എണ്ണ വില റിക്കാർഡ്​ കുറിച്ചു. ഇതാദ്യമായി ലിറ്ററിന്​ മൂന്ന്​ ദിർഹത്തിനു മുകളിലാണ്​ യു.എ.ഇയിൽ എണ്ണവിൽപന. മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്കും വിലവർധന വലിയ പ്രയാസം സൃഷ്​ടിക്കുന്നുണ്ട്​.

Related Tags :
Similar Posts