World
ഭക്ഷ്യ പ്രതിസന്ധിക്ക് പരിഹാരം; യുക്രൈനും റഷ്യയും ചരക്കുനീക്ക കരാറിൽ ഒപ്പുവച്ചു
World

ഭക്ഷ്യ പ്രതിസന്ധിക്ക് പരിഹാരം; യുക്രൈനും റഷ്യയും ചരക്കുനീക്ക കരാറിൽ ഒപ്പുവച്ചു

Web Desk
|
23 July 2022 5:27 AM GMT

കരിങ്കടൽ വഴിയുള്ള യുക്രൈന്റെ ധാന്യകയറ്റുമതി തുടരാനുള്ള കരാറിലാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തുർക്കിയിലെ ഇസ്താംബൂളിൽ വെച്ച് ഒപ്പുവെച്ചത്

ഇസ്താംബൂൾ: യുദ്ധം മൂലമുണ്ടായ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാൻ ചരക്കുനീക്ക കരാറിൽ ഒപ്പുവെച്ച് റഷ്യയും യുക്രൈനും. കരിങ്കടൽ വഴിയുള്ള യുക്രൈന്റെ ധാന്യകയറ്റുമതി തുടരാനുള്ള കരാറിലാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തുർക്കിയിലെ ഇസ്താംബൂളിൽ വെച്ച് ഒപ്പുവെച്ചത്. റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവും യുക്രൈൻ അടിസ്ഥാന സൗകര്യ വികസന മന്ത്രി ഒലക്‌സാണ്ടർ കുബ്രാകോവുമാണ് ചടങ്ങിനെത്തിയത്. കരാർ നടപ്പാകുന്നതോടെ ആഴ്ചകൾക്കകം ചരക്കുനീക്കം പൂർണ തോതിലാക്കാനും മാസംതോറും അഞ്ചുമില്യൺ ടൺ ചരക്കു നീക്കം നടത്താനും കഴിയുമെന്നാണ് യു.എൻ പ്രതീക്ഷിക്കുന്നത്. നിലവിൽ 20 ദശലക്ഷം ടൺ ധാന്യം യുക്രൈനിൽ കെട്ടികിടക്കുകയാണ്.



ചരക്കുനീക്കം തടഞ്ഞതോടെ മാസങ്ങളായി നടക്കുന്ന ചർച്ചകളുടെ ഫലമായാണ് ഇരുരാജ്യങ്ങളും കരാറിലെത്തിയത്. ഇതോടെ ഗോതമ്പ് വില സാധാരണ ഗതിയിലേക്ക് തിരിച്ചെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ റഷ്യ അധിനിവേശം തുടങ്ങിയ ശേഷം യുക്രൈനുമായി ഒപ്പുവെക്കുന്ന പ്രധാന കരാറാണിത്. ഇരുരാജ്യങ്ങളുമായും നല്ല ബന്ധം പുലർത്തുന്ന തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനാണ് കരാറിന് ചുക്കാൻ പിടിച്ചത്. ഈ കരാർ സമാധാനത്തിലേക്കുള്ള വഴി തെളിയിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തുർക്കിക്കൊപ്പം കരാറിനായി പ്രവർത്തിച്ച യു.എന്നിനാണ് അത് നടപ്പാക്കേണ്ട ചുമതലയെന്ന് യുക്രൈൻ പ്രസിഡൻറ് വ്‌ളാഡ്മിർ സെലൻസ്‌കി പറഞ്ഞു.



യുദ്ധത്തിന്റെ കെടുതി 47 ദശലക്ഷം പേർ അനുഭവിക്കുന്നുവെന്നാണ് യു.എൻ ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യത്തിൽ കരാർ ഏറെ സുപ്രധാനമായാണ് പരിഗണിക്കപ്പെടുന്നത്. നിലവിൽ 120 ദിവസത്തേക്കാണ് കരാറിലേർപ്പെട്ടിരിക്കുന്നതെന്നും എന്നാൽ അവ പുതുക്കുമെന്നുമാണ് യു.എൻ ഉദ്യോഗസ്ഥർ പറയുന്നത്.


Ukraine and Russia signed a cargo transport agreement

Similar Posts