നിരായുധനായ പൗരനെ വധിച്ച റഷ്യൻ സൈനികന് ജീവപര്യന്തം ശിക്ഷ വിധിച്ച് യുക്രൈൻ
|റഷ്യയുടെ അധിനിവേശത്തിന് ശേഷമുള്ള ആദ്യ യുദ്ധകുറ്റ വിചാരണയാണ് ഇത്
കിയവ്: നിരായുധനായ പൗരനെ വധിച്ച റഷ്യൻ സെനികന് ജീവപര്യന്തം ശിക്ഷ വിധിച്ച് യുക്രൈൻ കോടതി. റഷ്യയുടെ അധിനിവേശത്തിന് ശേഷമുള്ള ആദ്യ യുദ്ധകുറ്റ വിചാരണയാണ് ഇത്.
ഫെബ്രുവരി 28 ന് വടക്കുകിഴക്കൻ യുക്രൈൻ ഗ്രാമമായ ചുപഖിവ്കയിൽ വെച്ച് 62 കാരനായ ഒലെക്സാണ്ടർ എന്നയാളെയാണ് 21 കാരനായ ടാങ്ക് കമാൻഡറായ വാഡിം ഷിഷിമാരിൻ വെടിവെച്ചുകൊല്ലുന്നത്. തുടർന്ന് ഇയാൾ കുറ്റസമ്മതം നടത്തിയിരുന്നു.
ജഡ്ജി സെർഹി അഗഫോനോവാണ് വിധി പ്രസ്താവിച്ചത്. ഇരയുടെ തലയ്ക്ക് നേരെ പ്രതി നിരവധി തവണ വെടിവെക്കുകയായിരുന്നെന്ന് ജഡ്ജി പറഞ്ഞു. വിചാരണ നടക്കുമ്പോൾ കോടതി മുറിയിലെ ഗ്ലാസ് ബോക്‌സിൽ നിന്ന് നിശ്ശബ്ദമായി വാഡിം ഷിഷിമാർ നടപടികൾ വീക്ഷിക്കുകയായിരുന്നു. വിധി വായിച്ചപ്പോൾ ഒരു വികാരവും കാണിച്ചില്ല.
യുദ്ധസമയത്ത് റഷ്യ സാധാരണക്കാരനായ നിരവധി പൗരന്മാരെ കൊന്നിട്ടുണ്ടെന്നും 10,000-ത്തിലധികം യുദ്ധക്കുറ്റങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും യുക്രൈൻ വ്യക്തമാക്കിയിരുന്നു. ഇതിൽ ആദ്യത്തെ കേസിലാണ് വിധി പറഞ്ഞിരിക്കുന്നത്. 40 ലധികം കേസുകളുടെ വിചാരണ ഉടൻ നടക്കും.