ചൈനയോട് ആയുധം ആവശ്യപ്പെട്ട് റഷ്യ;സഹായിച്ചാൽ ഗുരുതരമായ പ്രത്യാഘാതമെന്ന് അമേരിക്ക
|ഷ്യ യുക്രൈനിൽ ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ആയുധങ്ങൾ ലഭ്യമാക്കണമെന്നു ചൈനയോട് അഭ്യർഥിച്ചതാണ് യു.എസിനെ ചൊടിപ്പിച്ചത്
റഷ്യയെ ചൈന സഹായിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു യു.എസ് മുന്നറിയിപ്പ്. ഉപരോധം ഭയന്ന് റഷ്യയെ സഹായിക്കാൻ ചൈന തയാറാവില്ലെന്ന കണക്കുകൂട്ടലിലാണ് അമേരിക്ക.റഷ്യ യുക്രൈനിൽ ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ആയുധങ്ങൾ ലഭ്യമാക്കണമെന്നു ചൈനയോട് അഭ്യർഥിച്ചതാണ് യു.എസിനെ ചൊടിപ്പിച്ചത്.
ഉപരോധം മറികടക്കാൻ ചൈന റഷ്യയെ സഹായിച്ചാൽ പ്രത്യാഘതം നേരിടേണ്ടി വരുമെന്നു യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി.യുഎസ് - ചൈന അധികൃതർ റോമിൽ കൂടിക്കാഴ്ച നടത്താനിരിക്കവെയാണ് പ്രതികരണം.
ഇതിനു മുൻപ് തയ്വാൻ, പശ്ചിമ നാറ്റോ വിഷയങ്ങളിൽ യു.എസ് ചൈനയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. വികസനത്തിന് തടസ്സം നിൽക്കുന്ന വിലങ്ങുതടിയാണ് യുഎസ് എന്നും ചൈന കൂട്ടിച്ചേർത്തു. യുക്രൈന് മുകളിലുള്ള റഷ്യയുടെ സൈനിക ആക്രമണങ്ങളെ അധിനിവേശം എന്ന് വിശേഷിപ്പിക്കാനാവില്ലെന്ന നിലപാടിലാണ് ചൈന. എല്ലാ പ്രതിസന്ധികൾക്കും കാരണം യുഎസ് ആണെന്ന് ഒരു ഘട്ടത്തിൽ തുറന്നടിക്കുകയും ചെയ്തിരുന്നു.
അതേസമയം, യുക്രൈനിൽ റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. അമേരിക്ക റഷ്യയ്ക്കുമേൽ ഏകപക്ഷീയമായി ഉപരോധം ഏർപ്പടുത്തുന്നതിനെതിരെ ചൈന ശക്തമായി പ്രതിഷേധിച്ചിരുന്നു. ഉപരോധങ്ങൾ ജനജീവിതം ദുരിതം നിറഞ്ഞതാക്കുമെന്നും ഒഴിവാക്കാൻ നടപടി വേണമെന്നുമായിരുന്നു ചൈനയുടെ ആവശ്യം.