World
റഷ്യൻ സൈനിക ജനറൽ കൊല്ലപ്പെട്ടു; വകവരുത്തിയെന്ന് യുക്രൈൻ
World

റഷ്യൻ സൈനിക ജനറൽ കൊല്ലപ്പെട്ടു; വകവരുത്തിയെന്ന് യുക്രൈൻ

Web Desk
|
4 March 2022 5:42 AM GMT

യുദ്ധത്തിനിടെ റഷ്യ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് സൈനിക ജനറലിന്റെ മരണം.

യുക്രൈൻ അധിനിവേശത്തിനിടെ സൈനിക ജനറലിനെ നഷ്ടപ്പെട്ട് റഷ്യ. സെവൻത് എയർബോൺ ഡിവിഷനിലെ മേജർ ജനറൽ ആൻഡ്രി സുഖോവെത്സ്‌കിയാണ് കൊല്ലപ്പെട്ടത്. സുഖോവെത്സ്‌കി മരിച്ചതായി യുക്രൈൻ ഉദ്യോഗസ്ഥരും റഷ്യൻ മാധ്യമങ്ങളും സ്ഥിരീകരിച്ചു. യുദ്ധത്തിനിടെ റഷ്യക്ക് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് സൈനിക ജനറലിന്റെ മരണമെന്ന് വിലയിരുത്തപ്പെടുന്നു.

നാൽപ്പത്തിയേഴുകാരനായ സുഖോവെത്സ്‌കി മരിച്ചത് എങ്ങനെയാണ് എന്നതിൽ വ്യക്തതയില്ല. 'യുക്രൈനിലെ പ്രത്യേക ഓപറേഷനിനിടെ' കൊല്ലപ്പെട്ടു എന്നാണ് ക്രംലിൻ ആസ്ഥാനമായ പ്രവ്ദ പത്രം റിപ്പോർട്ട് ചെയ്തത്. ധീരതയ്ക്കുള്ള രണ്ട് പുരസ്‌കാരങ്ങൾ നേടിയ സൈനിക ജനറലാണ് ഇദ്ദേഹം. നേരത്തെ, സിറിയയിലെ റഷ്യൻ ദൗത്യത്തിന്റെ ഭാഗമായിരുന്നു.

'വസ്തുതയെന്താണെന്നാൽ, ഞങ്ങൾ അദ്ദേഹത്തെ കൊന്നു' എന്നാണ് ഇതേക്കുറിച്ച് യുക്രൈൻ മുൻ മന്ത്രി വൊളോദിമിർ ഒമെല്യാൻ പറഞ്ഞത്. യുഎസ് മരണം സ്ഥിരീകരിച്ചിട്ടില്ല. ശരിയാണെങ്കിൽ വലിയ തിരിച്ചടിയാണിതെന്ന് സിഐഎ മുൻ ഉദ്യോഗസ്ഥൻ ഡാൻ ഹോഫ്മാൻ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. റഷ്യൻ സൈന്യത്തിനുള്ള ഏറ്റവും വലിയ അപപ്രേരിതമാണ് സംഭവിച്ചിട്ടുള്ളതെന്ന് അന്വേഷണാത്മക വെബ്‌സൈറ്റായ ബെല്ലിങ്കാറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ക്രിസ്റ്റോ ഗ്രോസേവ് പ്രതികരിച്ചു.

ഇതുവരെ 498 സൈനികരെയാണ് തങ്ങൾക്ക് നഷ്ടമായത് എന്നാണ് റഷ്യ പറയുന്നത്. എന്നാൽ ഒമ്പതിനായിരത്തിലധകം പേരെ വകവരുത്തിയെന്നാണ് യുക്രൈൻ ഉദ്യോഗസ്ഥരുടെ അവകാശവാദം.

പുടിനെ ക്ഷണിച്ച് സെലെൻസ്‌കി

അതിനിടെ റഷ്യൻ പ്രസിഡൻറ് വ്‌ളാദിമിർ പുടിനെ സെലെൻസ്‌കി നേരിട്ടുള്ള ചർച്ചക്ക് ക്ഷണിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള ഒരേയൊരു മാർഗമാണിതെന്നും യുക്രൈൻ പ്രസിഡൻറ് വ്യക്തമാക്കി.

'ഞങ്ങൾ റഷ്യയെ ആക്രമിക്കുന്നില്ല, ആക്രമിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നില്ല. നിങ്ങൾക്ക് ഞങ്ങളിൽ നിന്ന് എന്താണ് വേണ്ടത്? ഞങ്ങളുടെ ഭൂമി വിട്ടുപോകൂ,' സെലെൻസ്‌കി പുടിനെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു. ചർച്ചയ്ക്കായി എന്നോടൊപ്പം വന്നിരിക്കൂ, പക്ഷെ 30 മീറ്റർ അകലത്തിൽ വേണ്ട- സെലൻസ്‌കി പറഞ്ഞു.

ഫെബ്രുവരി ഏഴിന് ഫ്രഞ്ച് പ്രസിഡൻറുമായി പുടിൻ ചർച്ച നടത്തിയത് നീണ്ട ഒരു മേശയുടെ രണ്ടറ്റത്ത് വളരെ അകലത്തിൽ ഇരുന്നായിരുന്നു. ഇതു സൂചിപ്പിച്ചാണ് 30 മീറ്റർ അകലം വേണ്ടെന്ന് സെലൻസ്‌കി പറഞ്ഞത്. റഷ്യയുമായി യുക്രൈൻ പ്രതിനിധി സംഘം ബെലാറുസിൽ രണ്ടാം ഘട്ട സമാധാന ചർച്ച നടത്തുന്നതിനിടെയാണ് സെലൻസ്‌കി പുടിനെ നേരിട്ട് ചർച്ചയ്ക്ക് ക്ഷണിച്ചത്. ആധുനിക ലോകത്ത് ഒരു മനുഷ്യന് ഒരു മൃഗത്തെപ്പോലെ പെരുമാറാൻ കഴിയുമെന്ന് ആരും കരുതിയിരുന്നില്ലെന്നും സെലെൻസ്‌കി പറഞ്ഞു.

Similar Posts