World
യുദ്ധത്തിനിടെയാണോ ഫോട്ടോഷൂട്ട്; വോഗ് മാസികയുടെ കവർ സ്റ്റോറിയെച്ചൊല്ലി സെലൻസ്‌കിക്കും ഭാര്യക്കും വിമർശനം
World

'യുദ്ധത്തിനിടെയാണോ ഫോട്ടോഷൂട്ട്'; വോഗ് മാസികയുടെ കവർ സ്റ്റോറിയെച്ചൊല്ലി സെലൻസ്‌കിക്കും ഭാര്യക്കും വിമർശനം

Web Desk
|
28 July 2022 5:52 AM GMT

വോഗിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ആനി ലീബോവിറ്റ്സ് പകർത്തിയ ചിത്രങ്ങൾ പുറത്തുവന്നത്

കിയവ്: വോഗ് മാസികയുടെ കവര്‍ സ്റ്റോറിയില്‍ പ്രത്യക്ഷപ്പെട്ട യുക്രൈന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ സെലന്‍സ്കിക്കും ഭാര്യ ഒലേന സെലന്‍സ്കയ്ക്കുമെതിരെ വിമര്‍ശനം. യുദ്ധത്തിനിടയില്‍ പ്രസിഡന്റും ഭാര്യയും ഫോട്ടോ​ഷൂട്ട് നടത്തിയതാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വോഗിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ആനി ലീബോവിറ്റ്‌സ് പകര്‍ത്തിയ ചിത്രങ്ങൾ പുറത്തുവന്നത്.

View this post on Instagram

A post shared by Vogue (@voguemagazine)

ഒലേന ഒറ്റയ്ക്കുള്ള ഫോട്ടോകളും ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളുമാണ് വോഗ് പുറത്തുവിട്ടിരിക്കുന്നത്. യുക്രൈന്‍ യുദ്ധത്തില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ മുന്‍നിരയില്‍ നിന്ന് പോരാടുമ്പോള്‍ പ്രഥമ വനിതയായ ഒലേന നയതന്ത്രത്തിലും സുപ്രധാന പങ്ക് വഹിച്ചെന്ന് വോഗ് കുറിച്ചു. എന്നാല്‍, യുക്രൈനിലെ സംഘർഷാവസ്ഥ തുറന്നുകാട്ടാൻ ഒലേന ടാങ്കറുകൾക്കും സൈനികർക്കും മദ്ധ്യേ നിന്നെടുത്ത ചിത്രമടക്കം വന്‍ വിവാദങ്ങള്‍ക്കാണ് വഴിതുറക്കുന്നത്.

View this post on Instagram

A post shared by Vogue (@voguemagazine)

യുക്രൈൻ സൈനികർ ഓരോ ദിവസവും മരിച്ചുവീഴുമ്പോൾ ഫോട്ടോഷൂട്ട് നടത്താനാണ് സെലന്‍സ്കി ചിന്തിക്കുന്നത്. സ്വന്തം രാജ്യത്ത് റഷ്യ ബോംബിടുമ്പോൾ സെലന്‍സ്കിയുടെ ഈ പ്രവൃത്തി വിശ്വസിക്കാനാവുന്നില്ലെന്നും ചിലര്‍ പറയുന്നു. ഭാര്യയുമൊത്തുള്ള വോഗ് ഫോട്ടോഷൂട്ട് രാജ്യത്തെ യുദ്ധത്തിൽ നിന്ന് രക്ഷിക്കുമെന്ന് സെലൻസ്‌കി കരുതിയിട്ടുണ്ടാകുമെന്ന പരിഹാസങ്ങളും ഇതിനിടയില്‍ ഉയരുന്നുണ്ട്. യുദ്ധത്തിനേയും റൊമാന്‍റിക്കാക്കുകയാണെന്ന് വോഗിനെതിരെയും വിമര്‍ശനമുയര്‍ന്നു. അതേസമയം, ചിത്രങ്ങള്‍ അതിമനോഹരവും ശക്തവുമാണെന്ന രീതിയില്‍ ഫോട്ടോഷൂട്ടിനെ പ്രശംസിച്ചും ചില പ്രതികരണങ്ങള്‍ വരുന്നുണ്ട്.

Similar Posts