യുക്രൈൻ രക്ഷാദൗത്യം; 630 ഇന്ത്യക്കാർകൂടി തിരിച്ചെത്തി
|നൂറ് കണക്കിന് വിദ്യാർഥികളാണ് ഇപ്പോഴും സുമിയിൽ കുടുങ്ങികിടക്കുന്നത്
യുക്രൈനിൽ നിന്നും 630 ഇന്ത്യക്കാർകൂടി തിരിച്ചെത്തി. മൂന്ന് വ്യോമസേനാ വിമാനങ്ങളിലായാണ് ഇവരെ തിരിച്ചെത്തിച്ചത്. ആയിരത്തോളം ഇന്ത്യൻ പൗരന്മാർ ഇന്നലെ ഖാർകീവ് വിട്ടിരുന്നു. പടിഞ്ഞാറൻ അതിർത്തി കടക്കാൻ കാത്ത് നിൽക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു. നൂറ് കണക്കിന് വിദ്യാർഥികളാണ് ഇപ്പോഴും സുമിയിൽ കുടുങ്ങികിടക്കുന്നത്.
സുമിയിലും ഖാർകീവിലും കുടുങ്ങിയ വിദ്യാർഥികളെ റഷ്യയുടെ സഹായത്തോടെ തിരികെയെത്തിക്കാനുള്ള ശ്രമമാണ് വിദേശകാര്യമന്ത്രാലയം നടത്തുന്നത്. പ്രധാനമന്ത്രിയുമായി സംസാരിച്ചപ്പോൾ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ സഹായം വാഗ്ദാനം ചെയ്‌തെങ്കിലും നയതന്ത്രതലത്തിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
ഖാർകീവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനായി പ്രത്യേക ട്രെയിന്‍ സൗകര്യം ഒരുക്കണമെന്ന് യുക്രൈന്‍ അധികൃതരോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. യുക്രൈന്‍ സൈന്യത്തിന്റെ സഹായത്തോടെ ഖാർകീവിൽ നിന്നും നിരവധി വിദ്യാര്‍ഥികള്‍ ഇതിനകം പടിഞ്ഞാറൻ യുക്രൈനിൽ എത്തി. റൊമാനിയ, പോളണ്ട്, ഹംഗറി, സ്ലോവാക്യ അതിർത്തി വഴിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
റഷ്യ വഴി കിഴക്കൻ യുക്രൈനിൽ നിന്നും രക്ഷപ്പെടുത്തൽ ദൗത്യം ഇതുവരെ തുടങ്ങിയിട്ടില്ല. ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കർണാടക സ്വദേശി നവീൻ കൊല്ലപ്പെട്ട ശേഷമാണു റഷ്യ വഴിയുള്ള സുരക്ഷിത പാത എന്ന വിഷയം കൂടുതൽ ചർച്ചയായത്. വിദേശകാര്യ സെക്രട്ടറി റഷ്യയുടെയും യുക്രൈന്റെയും അംബാസഡര്‍മാരോട് ഇക്കാര്യം ചർച്ച നടത്തിയിരുന്നു. പുടിനും മോദിയും നടത്തിയ ചർച്ചയിലും ഇക്കാര്യം ഉന്നയിച്ചിരുന്നു. റോഡ് - റെയിൽ പാതകളിലൂടെ യാത്ര അസാധ്യമായ സുമിയിൽ കുടുങ്ങിയ വിദ്യാർഥികളെ പുറത്തുകൊണ്ടുവരുന്നതിനെ കുറിച്ചുള്ള ചർച്ചകളാണ് വിദേശകാര്യ മന്ത്രാലയത്തിൽ നടക്കുന്നത്
ഇന്നലെ ചേർന്ന പാർലമെന്ററി പാനൽ മീറ്റിങ്ങിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ത്യയുടെ രക്ഷാദൗത്യം വിശദീകരിച്ചിരുന്നു. അതിനിടെ, യുക്രൈനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർഥികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിച്ചു. വിദ്യാർഥികൾ യുക്രൈനിലെ സാഹചര്യം പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. വാരണാസിയിൽ വെച്ചാണ് മോദി വിദ്യാർത്ഥികളെ കണ്ടത്.