World
റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടു: തിരിച്ചടിച്ചെന്ന് യുക്രൈന്‍
World

'റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടു': തിരിച്ചടിച്ചെന്ന് യുക്രൈന്‍

Web Desk
|
24 Feb 2022 6:36 AM GMT

അഞ്ച് റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് യുക്രൈന്‍റെ അവകാശവാദം.

വ്യോമാക്രമണം തുടങ്ങിയ റഷ്യയ്ക്ക് തിരിച്ചടിയുമായി യുക്രൈന്‍. അഞ്ച് റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് യുക്രൈന്‍റെ അവകാശവാദം. റഷ്യയില്‍ സ്ഫോടനമുണ്ടായെന്ന് വാര്‍ത്താഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങളോട് വീടുകളില്‍ തന്നെ തുടരണമെന്ന് പ്രസിഡന്റ് വ്ലാദിമര്‍ സെലന്‍സ്കി മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ പട്ടാള നിയമം പ്രഖ്യാപിച്ചു.

ഡോണ്‍ബാസില്‍ സൈനിക നടപടിക്ക് അനുമതി നല്‍‌കിയെന്ന പുടിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് യുക്രൈന്റെ മൂന്ന് ഭാഗത്ത് നിന്നും റഷ്യന്‍ സൈന്യം ആക്രമണം തുടങ്ങിയത്. തലസ്ഥാനമായ കിയവിലായിരുന്നു ആദ്യ ആക്രമണം. ആറ് സ്ഫോടനങ്ങള്‍ നഗരത്തിലുണ്ടായി. കിയവിലെ മിസൈല്‍ ആക്രമണം യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമര്‍ സെലന്‍സ്കി സ്ഥിരീകരിച്ചു.

ബെല്‍ഗോര്‍ഡ് പ്രവിശ്യയിലും ക്രമറ്റോസ്കിലും ഓഡേസയിലും വന്‍ സ്ഫോടനമുണ്ടായി. വ്യോമാക്രമണത്തിന് പിന്നാലെ കരമാര്‍ഗവും റഷ്യന്‍ സൈന്യം യുക്രൈന്‍ അതിര്‍ത്തി കടന്നു. കര്‍ക്കിവിലൂടെ തുടക്കത്തില്‍തന്നെ 25 മൈലോളം അകത്തേക്ക് റഷ്യന്‍ സൈന്യം ഇരച്ചുകയറി. വടക്ക് ബെലാറസ് വഴിയും തെക്ക് ഒഡേസ വഴിയും ആക്രമണമുണ്ടായി

കിർകിവ് നഗരം പുകയിൽ മൂടിയെന്ന് മലയാളി വിദ്യാർഥികള്‍ പറഞ്ഞു. രണ്ട് മണിക്കൂർ മുമ്പ് വരെ സ്ഫോടന ശബ്ദം കേട്ടു. രേഖകളും വെള്ളവും മാത്രമെടുത്ത് താമസ സ്ഥലം ഒഴിയാൻ നിർദേശം ലഭിച്ചു. ബങ്കറുകളിലേക്ക് മാറാനാണ് നിർദേശം ലഭിച്ചതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

യുക്രൈനെതിരെ സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഉത്തരവിട്ടതോടെയാണ് യുദ്ധം തുടങ്ങിയത്. യുക്രൈനിലെ ഡോണ്‍ബാസ് മേഖലയിലേക്ക് കടക്കാനാണ് പുടിന്‍ ആദ്യം സൈന്യത്തിന് നിർദേശം നൽകിയത്. മേഖലയില്‍ യുക്രൈന്‍റെ ആക്രമണമുണ്ടാകുന്നുവെന്നാണ് റഷ്യയുടെ ആരോപണം. അതിന് തടയിടാന്‍ സൈനിക നടപടി വേണമെന്നാണ് പുടിന്‍ വ്യക്തമാക്കിയത്. ലോകരാജ്യങ്ങള്‍ ഇടപെടരുതെന്നും ശക്തമായി തിരിച്ചടിക്കുമെന്നും പുടിന്‍ മുന്നറിയിപ്പു നല്‍കി. ആയുധം താഴെവെക്കണമെന്നും പുടിന്‍ യുക്രൈനോട് ആവശ്യപ്പെട്ടു.

ജാഗ്രതയോടെ ലോകരാഷ്ട്രങ്ങള്‍

അതേസമയം, യുദ്ധനീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. സാഹചര്യം കൂടുതല്‍ അപകടകരമായി മാറിയതിനാല്‍ യു.എന്‍ സുരക്ഷാസമിതിയുടെ അടിയന്തര യോഗം ചേര്‍ന്നു. പ്രകോപനപരവും നീതീകരിക്കാന്‍ കഴിയാത്തതുമായ ആക്രമണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കുറ്റപ്പെടുത്തി. യുക്രൈന്‍ ജനതക്ക് പൂര്‍ണ പിന്തുണയും വാഗ്ദാനം ചെയ്തു. റഷ്യക്ക് മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. സഖ്യരാജ്യങ്ങളുമായി കൂടിക്കാഴ്ച നടത്തിയശേഷം ബൈഡന്‍ ഇന്ന് മാധ്യമങ്ങളെ കാണും. യുക്രൈനിലെ സംഭവ വികാസങ്ങളില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഞെട്ടല്‍ രേഖപ്പെടുത്തി. സഖ്യരാജ്യങ്ങളുമായി കൂടിയാലോചിച്ച് ഉചിതമായ നിലപാട് സ്വീകരിക്കുമെന്നും ബൈഡന്‍ പറഞ്ഞു. ന്യായീകരിക്കാനാവില്ലെന്ന് നാറ്റോ തലവന്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗും പറഞ്ഞു. യൂറോപ്യന്‍ യൂണിയനും നാറ്റോയും അടിയന്തരമായി യോഗം ചേരുന്നുണ്ട്.

Related Tags :
Similar Posts